ഇടവ ബഷീറിന്റെ സംസ്കാരം ഇന്ന്

0
74

ആലപ്പുഴ: ഗാനമേളക്കിടെ കുഴഞ്ഞുവീണ് മരിച്ച പ്രശസ്ത ഗായകൻ ഇടവ ബഷീറിന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ നടന്ന ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെയായിരുന്നു ഇടവ ബഷീറിന്റെ അന്ത്യം. സ്റ്റേജിൽ കുഴഞ്ഞു വീണ ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗാനമേളയെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവച്ച കലാകാരനാണ് ഇടവ ബഷീര്‍.സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. രഘുവംശം എന്ന ചിത്രത്തിൽ എ ടി ഉമ്മറിന്റെ സംഗീത സംവിധനത്തിലാണ് ആദ്യ ഗാനം പാടിയത്. പിന്നീട് മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമക്ക് വേണ്ടി കെജെ ജോയിയുടെ സംഗീത സംവിധാനത്തില്‍ വാണി ജയറാമുമൊത്ത് പാടിയ ‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍..’ എന്ന ഗാനം ഹിറ്റായി.

ഓള്‍ കേരള മ്യുസീഷ്യന്‍സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. മ്യൂസിക് കോളജില്‍ നിന്നും ഗാനഭൂഷണം പൂര്‍ത്തിയാക്കിയ ശേഷം വര്‍ക്കലയില്‍ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.