തിരുവനന്തപുരം: ട്രഷറിയില്‍ അക്കൗണ്ട് ഉടമ അറിയാതെ വീണ്ടും പണം തട്ടിപ്പ്. കുടുംബപെന്‍ഷന്‍ അക്കൗണ്ടില്‍നിന്ന് 18,000 രൂപ തട്ടിയെടുത്ത ട്രഷറി ജീവനക്കാരന്‍ അറസ്റ്റില്‍. പണംമാറാന്‍ സഹായിച്ചെന്ന കുറ്റത്തിന് മൂന്ന് ഉദ്യോഗസ്ഥരെക്കൂടി സസ്പെന്‍ഡ് ചെയ്തു.
കോട്ടയം കറുകച്ചാല്‍ സബ്ട്രഷറിയിലെ ജൂനിയര്‍ സൂപ്രണ്ടായ തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ കോടങ്കര ഉഷസ്സില്‍ യു.ആര്‍. അരുണിനെ(38)യാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റുചെയ്തത്.
നെയ്യാറ്റിന്‍കര സബ്ട്രഷറിയിലെ സബ് ട്രഷറി ഓഫീസര്‍ സി. മണി, ട്രഷററായ എ. അബ്ദുള്‍ റസാഖ്, ജൂനിയര്‍ അക്കൗണ്ടന്റ് ടി.എ. സജ്ന എന്നിവരെയാണ് ട്രഷറി ഡയറക്ടര്‍ വി. സാജന്‍ സസ്പെന്‍ഡ് ചെയ്തത്. അരുണിനെ ദിവസങ്ങള്‍ക്കുമുമ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. പിരിച്ചുവിടാനുള്ള നടപടികള്‍ തുടങ്ങി.
തട്ടിപ്പ് ഇങ്ങനെ
അരുണ്‍ ജോലിചെയ്തിരുന്ന കറുകച്ചാല്‍ സബ് ട്രഷറിയില്‍ കമലമ്മ എന്ന സ്ത്രീയുടെ കുടുംബപെന്‍ഷന്‍ അക്കൗണ്ടില്‍നിന്നാണ് പണം മാറ്റിയത്.
ഒരുവര്‍ഷംമുമ്പ് 18,000 രൂപ പിന്‍വലിക്കാന്‍ കമലമ്മ കറുകച്ചാല്‍ ട്രഷറിയില്‍ അരുണ്‍കുമാറിനെ സമീപിച്ച് ചെക്കുനല്‍കി. ചെക്കില്‍ പിശകുള്ളതിനാല്‍ മറ്റൊരു ചെക്ക് നല്‍കാന്‍ അരുണ്‍ ആവശ്യപ്പെട്ടു. മറ്റൊരു ചെക്ക് നല്‍കി 18,000 രൂപ പിന്‍വലിച്ചു.
ഒരുവര്‍ഷത്തിനുശേഷം ഈ മാസം 19-ന് അരുണ്‍ നെയ്യാറ്റിന്‍കര ട്രഷറിയിലെത്തി ആ ചെക്ക് നല്‍കി 18,000 രൂപ മാറിയെടുത്തു.
കമലമ്മ 20,000 രൂപ പിന്‍വലിക്കാന്‍ വീണ്ടും കറുകച്ചാല്‍ ട്രഷറിയിലെത്തിയപ്പോളാണ് 18,000 രൂപ കുറവുള്ളതായി കണ്ടത്. അവര്‍ പരാതിനല്‍കി. ട്രഷറി ജോയന്റ് ഡയറക്ടര്‍ കെ.ആര്‍. ജിജു പ്രജിത് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. അരുണിനെതിരേ പോലീസില്‍ പരാതിയും നല്‍കി. അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.