പൾസർ സുനിക്ക് പണം നൽകി; ദിലീപിനെതിരായ തെളിവുകളുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

0
75

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവുകളുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ദിലീപ് പൾസർ സുനിക്ക് പണം നൽകിയതിന് തെളിവ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്‍റെ അപേക്ഷയിലാണ് ഈ വെളിപ്പെടുത്തല്‍.
2015 നവംമ്പർ മാസം ഒന്നിന് ദിലീപ്, സുനിക്ക് ഒരു ലക്ഷം രൂപ കൈമാറിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരിക്കുന്നത്. കേസിലെ ഒന്നും എട്ടും പ്രതികളായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.
പൾസർ സുനിയുടെ അമ്മയുടെ പേരിലുള്ള യൂണിയൻ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്‍റെ സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാൻറ് പ്രൊഡക്ഷനിൽ നടത്തിയ റെയ്ഡില്‍ ഈ സാമ്പത്തിക ഇടപാട് നടന്നതിന് തെളിവ് ലഭിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.