സമീപകാലത്ത് ഇവികൾക്ക് തീപിടിച്ച സംഭവങ്ങളുടെ പേരില്‍ ആവര്‍ത്തിച്ചുള്ള പരിശോധനയിലാണ് ഒല ഇലക്ട്രിക്ക് മുതൽ ഒഖിനാവ വരെയുള്ള നിരവധി ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കൾ. അശ്രദ്ധ കാണിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിച്ച സംഭവത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കാൻ മാർച്ചിൽ കേന്ദ്രം രൂപീകരിച്ച വിദഗ്ധ സമിതി അതിന്റെ കണ്ടെത്തലുകൾ അടുത്തയാഴ്ച സമർപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇത്തരം തീപിടിത്തങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും സമിതി റിപ്പോർട്ടിനൊപ്പം സമർപ്പിക്കും. ഒല ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക്, പ്യുവർ ഇവി തുടങ്ങിയ മുൻനിര ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കൾ ഉൾപ്പെട്ട ഒന്നിലധികം ഇവി അഗ്നിബാധയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
തീപിടിത്തത്തിന് കാരണമായ സാഹചര്യങ്ങൾ അന്വേഷിക്കാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംആർടിഎച്ച്) സെന്റർ ഫോർ ഫയർ എക്സ്പ്ലോസീവ് ആൻഡ് എൻവയോൺമെന്റ് സേഫ്റ്റി (സിഎഫ്ഇഇഎസ്) യെ സമീപിച്ചിരുന്നു. സെന്റർ ഫോർ ഫയർ എക്സ്പ്ലോസീവ് ആൻഡ് എൻവയോൺമെന്റ് സേഫ്റ്റി (CFEES) DRDO ലാബുകളുടെ SAM (സിസ്റ്റം അനാലിസിസ് ആൻഡ് മോഡലിംഗ്) ക്ലസ്റ്ററിന് കീഴിലാണ് വരുന്നത്. “വൈദ്യുത ഇരുചക്ര വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച വിദഗ്ധ സമിതി മെയ് 30 ന് റിപ്പോർട്ട് സമർപ്പിക്കും..” ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അന്വേഷണ റിപ്പോർട്ടിൽ അലംഭാവം കാട്ടിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. “വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്, റിപ്പോർട്ട് ലഭിച്ച ശേഷം, അതിന് പിന്നിലെ കാരണം എന്താണെന്ന് ഞങ്ങൾ കൃത്യമായി കണ്ടെത്തും. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമ്മാതാവിനെതിരെ ഉചിതമായ നടപടി സ്വീകരിക്കും..” അദ്ദേഹം പറഞ്ഞു.
പൂനെയിൽ ഒല ഇലക്ട്രിക് എസ്1 പ്രോ സ്‍കൂട്ടറിന് തീപിടിച്ച അപകടത്തില്‍ നിന്നാണ് അപകട പരമ്പരകളുടെ തുടക്കം. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തരം സംഭവങ്ങളിൽ ആറ് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള വിമർശനങ്ങൾക്കിടയിൽ നിരവധി ഇവി നിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ നിർബന്ധിതരായി.
ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗം ഇന്ത്യയിൽ അഭൂതപൂർവമായ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന സമയത്താണ് ഇവി തീപിടുത്ത വിവാദം. ഇവി ടൂവീലർ സെഗ്‌മെന്റ് കഴിഞ്ഞ മാസം 370 ശതമാനം വളർച്ച കൈവരിച്ചു. മാർച്ചിൽ ഏകദേശം 50,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ, 2021 ഏപ്രിലിനും കഴിഞ്ഞ മാസത്തിനും ഇടയിൽ 2.31 ലക്ഷം ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടു. 41,046 ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ മാത്രം വിറ്റ മുൻ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് 564 ശതമാനം വൻ വർധനവാണ്.