നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കാണും

0
93

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നാളെയോ മറ്റന്നാളോ ആയിരിക്കും കൂടിക്കാഴ്ച്ച. അന്വേഷണത്തിൽ സർക്കാരിനെതിരായ നടിയുടെ പരാതി വിവാദം ആയിരിക്കെ ആണ് കൂടിക്കാഴ്ച്ച. അതേസമയം, നടിയെ ആക്രമിച്ച കേസിൽ   കുറ്റപത്രം നൽകാൻ സമയം നീട്ടിനൽകാനാകില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി.
സർക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു അതിജീവിത ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ നടിയുടേത് അനാവശ്യ ആശങ്കയാണെന്നായിരുന്നു സർക്കാർ നിലപാട്. ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയത്. സർക്കാറിനെതിരായ ആരോപണങ്ങൾ ഹർജിയിൽ നിന്ന് നീക്കണമെന്ന് ഡിജിപി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം തന്നെ നിലച്ചിരിക്കുകയാണെന്ന് അതിജീവത കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റപത്രം നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സമയപരിധി നീട്ടാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ ഇന്ന് വ്യക്തമാക്കി.
പ്രതിഭാഗം കേസിൽ കക്ഷിയല്ലാത്തതിനാൽ അവരെ കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കി. കേസിൽ രണ്ട് ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണമെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴച മാറ്റി, അന്ന് ആവശ്യമെങ്കിൽ വിചാരണ കോടതി രേഖകൾ വിളിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം നടിയുട പരാതി വലിയ ചർച്ചയായ സാഹചര്യത്തിൽ അന്വേഷണം തുടരാൻ കൂടുതകൽ സാവകാശം തേടി ഹർജി നൽകാൻ ക്രൈം ബ്രാഞ്ചിന് സർക്കാർ നി‍ദ്ദേശം നൽകി. ക്രൈംബ്രാഞ്ച് മറ്റൊരു ബെഞ്ചിൽ ഉടൻ ഹർജി നൽകും. അന്വേഷണം തുടരാൻ നിർദ്ദേശം നൽകുമ്പോഴും ദിലീപിൻ്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിൽ തീരുമാനമെടുത്തില്ല.