ആറു പേർ ഒരു സ്കൂട്ടറിൽ, പൂട്ടാൻ മുംബൈ പോലീസ്

0
62

ട്രാഫിക് നിയമങ്ങള്‍ എല്ലാം മറ്റുള്ളവര്‍ക്ക് പാലിക്കാനാണെന്നാണ് ചുരുക്കം ചില ആളുകള്‍ കരുതുന്നത്. ഇവര്‍ നിരത്തുകളില്‍ കാണിക്കുന്ന നിയമലംഘനങ്ങള്‍ പലപ്പോഴും മറ്റുള്ളവരെ കൂടി അപകടത്തിലാക്കുന്നവയാണ്. പോലീസും മോട്ടോര്‍ വാഹന വകുപ്പും ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടുകയും കനത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ചുള്ള അഭ്യാസങ്ങളും റോഡുകളില്‍ അരങ്ങേറാറുണ്ട്.
ഇത്തരത്തില്‍ നിരത്തില്‍ അഭ്യാസം കാണിച്ച ആറുപേരെ വലയിലാക്കാനുള്ള നീക്കത്തിലാണ് മുംബൈ പോലീസ്. ഇനി ഇവര്‍ കാണിച്ച അഭ്യാസം എന്താണെന്ന് നോക്കാം. മുംബൈയിലെ തിരക്കുള്ള റോഡില്‍ ഒരു സ്‌കൂട്ടറില്‍ ആറ് പേരുമായി യാത്ര ചെയ്തതാണ് നിയമലംഘനം. ഇനി ഇതിലെ അഭ്യാസം, സ്‌കൂട്ടറിന്റെ ഏറ്റവും പിന്നിലിരിക്കുന്ന ആളുടെ തോളില്‍ ഒരാളെ കൂടി ഇരുത്തിയാണ് യാത്ര ചെയ്യുന്നതാണ് ഈ വീഡിയോയില്‍ കാണുന്നവരെ അമ്പരപ്പിക്കുന്ന ഘടകം.
രമണ്‍ദീപ് സിങ്ങ് ഹോറ എന്നയാളാണ് ഈ നിയമലംഘനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മുംബൈ പോലീസിനെ ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ വൈറലായതോടെയാണ് മുംബൈ പോലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത വ്യക്തിയോട് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാനുള്ള അനുമതിയാണുള്ളത്. അതില്‍ കൂടുതല്‍ ആളുകളെ കയറ്റിയാല്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കാറുണ്ട്. ഈ സാഹചര്യം നിലനില്‍ക്കുന്നിടത്താണ് എല്ലാ സുരക്ഷ മാനദണ്ഡങ്ങളും ലംഘിച്ച് അനുവദിച്ചിട്ടുള്ളതിലും മൂന്ന് ഇരട്ടി ആളുകളുമായി തിരക്കുള്ള നഗരത്തിലെ യാത്ര.