ഇനിയല്പം തലകീഴായി കാഴ്ചകൾ കാണാം; ഇത് തല കുത്തനെ ഓടും ട്രെയിനുകള്‍

0
65

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. കാഴ്ചകളുടെ ഒരു വലിയ ലോകം തന്നെ അത് നമുക്ക് മുന്നിലേക്കായി തുറന്നിടും. അതുകൊണ്ട് തന്നെയാണ് പ്രകൃതി ഭംഗിയും ആകാശ കാഴ്ചകളുമെല്ലാം നമുക്ക് അത്രമേൽ പ്രിയപെട്ടതായത്. എന്നാൽ ഇനി കാഴ്ചകൾ അല്പം തലകീഴായി കണ്ടാലോ? അങ്ങനെയൊരു യാത്ര അനുഭൂതി സമ്മാനിക്കുകയാണ് ജർമ്മനിയിലെ വുപ്പെർട്ടലിലെ ട്രെയിൻ യാത്ര. സയൻസ് ഫിക്ഷനുകളിലും നോവലുകളിലുമൊക്കെ കാണുന്നതു പോലുള്ള വിസ്മയിപ്പിക്കുന്ന ഒരു ട്രെയിൻ അനുഭവമാണ് ഇത്. വായിച്ചും കേട്ടും മാത്രം പരിചയമുള്ള ഒന്നാണ് തലകീഴായുള്ള യാത്ര.

ഒരു സസ്പെൻഷൻ റെയിൽവേ എന്നത് എലവേറ്റഡ് മോണോ റെയിലിന്റെ ഒരു രൂപമാണ്. അതിൽ വാഹനം ഒരു നിശ്ചിത ട്രാക്കിൽ ഘടിപ്പിച്ചിരിക്കുന്നു. ഇവിടെ തൂങ്ങിക്കിടക്കുന്ന രീതിയിലാണ് ട്രെയിനുകൾ. അത് തെരുവുകൾക്കും ജലപാതകൾക്കും അല്ലെങ്കിൽ നിലവിലുള്ള റെയിൽവേ ട്രാക്കുകൾക്കും മുകളിലൂടെയാണ് നിർമ്മിക്കുക. ഒരു ട്രാക്കിനടിയിൽ തൂങ്ങിക്കിടക്കുന്ന ട്രെയിൻ ബോഗികൾ മുകളിലൂടെ തലകീഴായി നീങ്ങുന്നു. വിവിധ സ്ഥലങ്ങളിലൂടെ ഈ ട്രെയിൻ നീങ്ങുമ്പോൾ യാത്രക്കാർക്ക് അതിമനോഹരമായ ആകാശ കാഴ്ചകളാണ് സമ്മാനിക്കുന്നത്.

വ്യവസായിയും എൻജിനീയറുമായ യൂഗൻ ലാംഗൻ തന്റെ പഞ്ചസാര ഫാക്ടറിയിൽ ചരക്ക് നീക്കുന്നതിനായാണ് ആദ്യമായി ഒരു സസ്പെൻഷൻ റെയിൽവേ എന്ന വിദ്യ പരീക്ഷിച്ചത്. എന്നാൽ 1893 ൽ അദ്ദേഹം ഈ സംവിധാനം നഗരത്തിനായി സമ്മാനിച്ചു. ഇത്തരം ട്രെയിനുകൾ ഇപ്പോഴും ജപ്പാനിലും ജർമ്മനിയിലും ഉണ്ട്. പ്രതിദിനം 82,000 ആളുകളാണ് തലകീഴായ ഈ ട്രെയിൻയാത്ര ആസ്വദിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും ഇത് സജീവമായി തുടരുന്നു.