കുത്തബ് മിനാറില്‍ ഖനനം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി സാകേത് കോടതി ഇന്ന് പരിഗണിക്കും

0
114

ന്യൂഡല്‍ഹി: കുത്തബ് മിനാറില്‍ ഖനനം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി സാകേത് കോടതി ഇന്ന് പരിഗണിക്കും.
അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജയിനാണ് ഹരജിക്കാരന്‍. ഹിന്ദു-ജൈന ക്ഷേത്രങ്ങളുടെ മുകളിലാണ് കുത്തബ് മിനാര്‍ സ്ഥിതി ചെയ്യുന്നതെന്നും ഖനനം നടത്തി ഇത് കണ്ടെത്തണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. ഗ്യാന്‍വാപി കേസില്‍ വിശ്വവേദിക് സനാതന്‍ സംഘിന്റെ അഭിഭാഷകനാണ് വിഷ്ണു ശങ്കര്‍ ജയിന്‍.

ലോക പൈതൃക സ്മാരകമായ കുത്തബ് മിനാറില്‍ ഖനനം നടത്താന്‍ തീരുമാനിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്രസാംസ്‌കാരിക മന്ത്രി ജി.കെ റെഡ്ഡി ഇന്നലെ പറഞ്ഞിരുന്നു. കുത്തബ് മിനാര്‍ സമുച്ചയത്തില്‍ ഖനനം നടത്താനുള്ള നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പറഞ്ഞു.സാംസ്‌കാരിക മന്ത്രാലയം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ”അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച, സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറി ഗോവിന്ദ് മോഹന്‍ മൂന്ന് ചരിത്രകാരന്മാരും നാല് എഎസ്‌ഐ ഉദ്യോഗസ്ഥരും ഗവേഷകരും കുത്തബ് മിനാര്‍ സന്ദര്‍ശിച്ചിരുന്നു. സ്മാരകം നിര്‍മിച്ചത് ഖുത്തബ്ദ്ധീന്‍ ഐബക്കാണോ ചന്ദ്രഗുപ്ത വിക്രമാദിത്യയാണോ എന്ന് പരിശോധിക്കാന്‍ ഖനനം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുത്തബ് മിനാര്‍ നിര്‍മിച്ചത് ഹിന്ദു രാജാവായ രാജാ വിക്രമാദിത്യനാണെന്നും കുത്തബ്ദ്ധീന്‍ ഐബക്കല്ലെന്നും എഎസ്‌ഐയുടെ മുന്‍ റീജിയണല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ്മയുടെ പ്രസ്താവനയും വിവാദമായിരുന്നു. ഖുത്തുബ് മിനാര്‍ സമുച്ചയത്തിന്റെ പുനര്‍നാമകരണം ആവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകള്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. പേര് മാറ്റി വിഷ്ണു സ്തംഭം എന്നാക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു.