അടിമാലിയിൽ തേക്ക് മരങ്ങൾ മുറിച്ച് കടത്തിയ കേസ്: ഒന്നാം പ്രതിയും വനംവകുപ്പ് മുൻ റേഞ്ച് ഓഫീസറുമായ ജോജി ജോൺ കീഴടങ്ങി

0
79

ഇടുക്കി: അടിമാലി മരം മുറികേസിലെ ഒന്നാം പ്രതിയും വനംവകുപ്പ് മുൻ റേഞ്ച് ഓഫീസറുമായ ജോജി ജോൺ കീഴടങ്ങി. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ. ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ജോജിയുടെ ജാമ്യാപേക്ഷ തള്ളിയത്.

തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളത്തൂവൽ സിഐ മുമ്പാകെ പ്രതി ഹാജരായി. അന്വേഷണ സംഘത്തിന് മുന്നിൽ തിങ്കളാഴ്ച ഹാജരാകണമെന്നായിരുന്നു കോടതി നിർദേശം. തിങ്കൾ മുതൽ ബുധൻ വരെ മൂന്ന് ദിവസം ജോജിയെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയതായും കോടതി ഉത്തരവിട്ടിരുന്നു. അടിമാലിയിലെ മങ്കുവ പുറമ്പോക്ക് ഭൂമിയിൽ നിന്നും എട്ട് തേക്ക് മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്. വെള്ളത്തൂവൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

അനധികൃത മരംമുറിക്ക് ഒത്താശ ചെയ്തുവെന്ന കുറ്റത്തിനാണ് ജോജിയെ കേസിൽ പ്രതി ചേർത്തത്. 2020ലെ റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവിലായിരുന്നു റേഞ്ച് ഓഫീസറായിരുന്ന ജോജി മരംമുറിക്ക് കൂട്ടുനിന്നത്. ഉത്തരവ് പിൻവലിച്ചിട്ടും മരം മുറിച്ച് കടത്താൻ അനുമതി നൽകിയതായി അന്വേഷണത്തിൽ തെളിയുകയും ചെയ്തു. തുടർന്നാണ് ജോജി സസ്‌പെൻഷൻ നടപടി നേരിട്ടത്. കേസിൽ റവന്യൂ ഉദ്യോഗസ്ഥനടക്കമുള്ള മറ്റ് രണ്ട് പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.