നമ്ബറിന് പകരം വിളിക്കുന്നയാളുടെ പേര് ഫോണ്‍ സ്ക്രീനുകളില്‍ തെളിയുന്നത് കാണാന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടിവരില്ല. ഇതോടെ അജ്ഞാതരുടെ നമ്ബറുകളും ഫോണ്‍ വിളികള്‍ വഴിയുള്ള തട്ടിപ്പുകളും അവസാനിക്കുമെന്നാണ് കരുതുന്നത്.
വിളിക്കുന്നയാള്‍ മൊബൈല്‍ നമ്ബര്‍ എടുക്കാന്‍ നല്‍കിയ രേഖയിലെ (കെ.വൈ.സി ഡാറ്റ) പേരാണ് തെളിയുക. ടെലികോം വകുപ്പില്‍നിന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചു. കൂടിയാലോചന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ പി.ഡി. വഗേല പറഞ്ഞു.
ടെലികോം വകുപ്പ് മാനദണ്ഡങ്ങള്‍ പ്രകാരം മൊബൈല്‍ കമ്ബനികള്‍ ചെയ്യുന്ന കെ.വൈ.സി രേഖകളിലെ പേരാണ് ഫോണ്‍ സ്ക്രീനില്‍ ദൃശ്യമാകുകയെന്നും വഗേല വ്യക്തമാക്കി. ശേഖരിച്ചു സൂക്ഷിക്കുന്ന പേരുവിവരങ്ങളില്‍നിന്ന് കോളര്‍മാരെ തിരിച്ചറിയുന്ന ട്രൂകോളര്‍ പോലുള്ള ആപ്പുകളേക്കാള്‍ കൃത്യതയും സുതാര്യതയും കൊണ്ടുവരാനും വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കും. അനാവശ്യമായ വാണിജ്യ വിളികള്‍ അല്ലെങ്കില്‍ സ്പാം കോളുകളും സന്ദേശങ്ങളും തടയാന്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും ട്രായ് നടപ്പാക്കിയിട്ടുണ്ട്.