വിദേശത്തു നിന്ന് കുവൈത്തിലേക്ക് കൊണ്ടുവന്ന അഞ്ച് ലക്ഷത്തിലധികം നിരോധിത ഗുളികകള്‍ പിടികൂടി

0
94

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കൊണ്ടുവന്ന അഞ്ച് ലക്ഷത്തിലധികം നിരോധിത ഗുളികകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. പൊടി രൂപത്തിലുള്ള 75 കിലോഗ്രാം ലഹരി മരുന്നു കണ്ടെടുത്തിട്ടുണ്ട്. ചൈനയില്‍ നിന്ന് കുവൈത്തിലെത്തിയ പാര്‍സലുകളിലായിരുന്നു ഇവ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എയര്‍ കാര്‍ഗോ വഴി എത്തിയ എട്ട് പാര്‍സലുകളിലാണ് നിരോധിത വസ്‍തുക്കളുണ്ടായിരുന്നത്. വിശദമായ പരിശോധന നടത്തിയപ്പോള്‍ 5,17,000 ലാറിക ഗുളികകളും പൊടി രൂപത്തിലുള്ള 75 കിലോഗ്രാം മയക്കുമരുന്നും കണ്ടെടുക്കുകയായിരുന്നു.

കാര്‍ഗോ കമ്പനികളെ ഉപയോഗപ്പെടുത്തി മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് പറഞ്ഞു. പിടിച്ചെടുത്ത സാധനങ്ങള്‍ക്ക് പത്ത് ലക്ഷത്തിലധികം കുവൈത്തി ദിനാറിന്റെ മൂല്യമുണ്ട്. ചെറിയ പെരുന്നാളിന് മുമ്പ് തന്നെ ഇത്തരമൊരു പാര്‍സലിനെക്കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് കുവൈത്തില്‍ എത്തിച്ചേരുന്നത് വരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.