Wednesday
17 December 2025
30.8 C
Kerala
HomeKeralaതാത്ക്കാലിക പരിഹാരമായി; കെഎസ്ആര്‍ടിസി ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകും

താത്ക്കാലിക പരിഹാരമായി; കെഎസ്ആര്‍ടിസി ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകുമെന്ന് കോര്‍പറേഷന്‍. സര്‍ക്കാര്‍ അധികമായി അനുവദിച്ച 20 കോടി രൂപ നല്‍കിയതിനാലാണ് പ്രശ്‌നം പരിഹരിക്കാനായതെന്ന് കോര്‍പറേഷന്‍ അറിയിച്ചു. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇന്നലെ ശമ്പളം ലഭിച്ചു. മറ്റ് ജീവനക്കാര്‍ക്ക് കൂടി ഇന്ന് ശമ്പളമെത്തും.

അതേസമയം കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന്് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെയും വ്യക്തമാക്കിയിരുന്നു. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. സമരം ചെയ്തത് കൊണ്ടാണ് ശമ്പളം നല്‍കാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്പളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സിഐടിയു കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ധനമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ച് പൊതുമേഖലയുടെ നിയന്ത്രണവും ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്ന നിലപാടാണ് സിഐടിയു മുന്നോട്ടുവെക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments