ഓക്‌ലാൻഡ്: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം (Sexual harassment) തള്ളി ശതകോടീശ്വരൻ ഇലോൺ മസ്ക് (Elon Musk). തനിക്കെതിരെയുയർന്ന ആരോപണം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും മസ്ക് ട്വീറ്റ് ചെയ്തു. ബിസിനസ് ഇൻസൈഡർ എന്ന മാധ്യമമാണ് മസ്കിനെതിരെയുള്ള ആരോപണം റിപ്പോർട്ട് ചെയ്തത്. 2016ൽ ഒരു സ്വകാര്യ വിമാനത്തിൽ എയർഹോസ്റ്റസിനോട് ലൈംഗിക ഉദ്ദേശ്യത്തോടെ അപമര്യാദയായി പെരുമാറിയെന്നും സംഭവം പുറത്തറിയാതിരിക്കാൻ 2.5 ലക്ഷം ഡോളർ നൽകിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി സുഹൃത്തിനോട് എയർഹോസ്റ്റസ് പറഞ്ഞതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഞാൻ ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയ നുണയനോട് എനിക്കൊരു വെല്ലുവിളിയുണ്ട്. എന്റെ ശരീരത്തിലെ എന്തെങ്കിലും പാടുകളോ ടാറ്റൂവോ അവരോട് പറയാൻ ഞാൻ വെല്ലുവിളിക്കുന്നു. വെല്ലുവിളി സ്വീകരിക്കാൻ അവർക്ക് കഴിയില്ല. കാരണം അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല- മസ്ക് ട്വീറ്റ് ചെയ്തു.
സംഭവത്തിൽ പ്രതികരണം തേടി റോയിട്ടേഴ്സ് മസ്കുമായും സ്പേസ് എക്സുമായും ബന്ധപ്പെട്ടെങ്കിലും ഇവർ പ്രതികരിച്ചില്ല. പിന്നീടാണ് മസ്ക് ട്വീറ്റുമായി രംഗത്തെത്തിയത്. തനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മസ്ക് വ്യക്തമാക്കി. നേരത്തെ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂല നിലപാട് സ്വീകരിച്ച് മസ്ക് രംഗത്തെത്തിയിരുന്നു.