കേരളത്തിന്‍റെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം

0
60

കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം. ഒറീസയിലെ കൊണാര്‍ക്കില്‍ നടന്ന ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡിലാണ് കേരളം ബെസ്റ്റ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് സ്റ്റേറ്റ് കാറ്റഗറിയില്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയത്.

2017ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ച ശേഷം സംസ്ഥാനത്തെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പതിനൊന്നാമത്തെ അവാര്‍ഡാണിത്.

WTM ഗോള്‍ഡ്, ഗ്രാന്റ്, ഹൈലി കമന്റഡ്, പാറ്റാ ഗോള്‍ഡ് ഉള്‍പ്പെടെ 5 അന്തര്‍ദേശീയ അവാര്‍ഡുകളും 6 ദേശീയ അവാര്‍ഡുകളും മിഷന്‍ രൂപീകരിച്ച് 4 വര്‍ഷത്തിനുള്ളില്‍ കേരളം നേടി. ഇതില്‍ സംസ്ഥാന മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് ലഭിച്ച വേള്‍ഡ് സസ്‌റ്റൈനബിള്‍ ടൂറിസം അവാര്‍ഡും, WTM ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡും ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ലീഡര്‍ അവാര്‍ഡും ഉള്‍പ്പെടുന്നു.

2017ല്‍ മിഷനായി മാറിയതോടെ ഒരു ലക്ഷത്തിലധികം കുടുംബങ്ങളാണ് ഉത്തരവാദിത്വ ടൂറിസം ഗുണഭോക്താക്കളായി മാറിയത്. ആകെ യൂണിറ്റുകള്‍ 20,019 ആയി. ഇതില്‍ 85% വനിതകള്‍ നയിക്കുന്ന യൂണിറ്റുകള്‍ ആണ്. 38 കോടി രൂപയുടെ വരുമാനം തദ്ദേശീയ യൂണിറ്റുകള്‍ക്ക് നേടാനായി.

കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ മധ്യപ്രദേശില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മധ്യപ്രദേശും കേരളവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഈ അവാര്‍ഡ് സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ടൂറിസം നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമാണ്.