കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്നു ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത മെഹ്നാസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ രംഗത്ത് വന്നിരിക്കുന്നത്.
ഇക്കാര്യം പ്രോസിക്യൂഷൻ കോടതിയിലും ഉന്നയിക്കും. ആത്മഹത്യാ പ്രേരണ, ശാരീരിക, മാനസിക പീഡനം എന്നീ കുറ്റങ്ങൾ ആണ് മെഹ്നാസിന് മേൽ ചുമത്തിയിരിക്കുന്നത്. ഇതെല്ലാം ഗുരുതര കുറ്റകൃത്യമാണ്. അതിനാൽ മെഹ്നാസിന് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
നിലവിൽ മെഹ്നാസ് ഒളിവിലാണ്. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ മെഹ്നാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് മെഹ്നാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ തന്നെ പോലീസും റിഫയുടെ കുടുംബവും ചേർന്ന് വേട്ടയാടുകയാണെന്ന് ആരോപിച്ച് ഇന്നലെ മെഹ്നാസ് രംഗത്ത് വന്നിരുന്നു.