വിശന്നപ്പോള്‍ ഒരു പെയിന്റിംഗ് നല്‍കി പകരം സാന്‍ഡ്‌വിച്ച് വാങ്ങി; ഒടുവില്‍ ചിത്രം ലേലത്തില്‍ വിറ്റത് രണ്ട് കോടിയ്ക്ക്

0
105

കനേഡിയന്‍ ചിത്രകാരി മൗഡ് ലെവിസിന്റെ അപൂര്‍വ ചിത്രം ലേലത്തില്‍ വിറ്റുപോയത് രണ്ട് കോടി രൂപയ്ക്ക്. ഹോട്ടല്‍ നടത്തിപ്പുകാരായ ദമ്പതികളാണ് ചിത്രത്തിന്റെ ഉടമകള്‍. വിശന്നപ്പോള്‍ ഒരാള്‍ സാന്‍ഡ് വിച്ച് വാങ്ങി പൈസയ്ക്ക് പകരം ദമ്പതികള്‍ക്ക് കൈമാറിയ ചിത്രമാണ് റെക്കോര്‍ഡ് വിലയ്ക്ക് വിറ്റുപോയത്. ലെവിസ് ചിത്രങ്ങള്‍ക്ക് ജനപ്രിയതയേറുന്ന പശ്ചാത്തലത്തിലാണ് ബ്ലാക്ക് ട്രക്ക് എന്ന് പേരുള്ള ചിത്രം വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്.

ചിത്രം ദമ്പതിമാര്‍ക്ക് കിട്ടിയതിന് പിന്നില്‍ രസകരമായ കഥയാണുള്ളത്. ഇരുവരുടേയും സുഹൃത്തായ ജോണ്‍ കിന്നിയറിന് എപ്പോള്‍ ഹോട്ടലിലെത്തിയാലും പണം ചോദിക്കാതെ ഭക്ഷണം നല്‍കുമെന്ന് ഇരുവരും തീരുമാനമെടുത്തിരുന്നു. എന്നാല്‍ വിശക്കുമ്പോള്‍ ഹോട്ടലിലേക്ക് വരുന്ന ജോണ്‍ കിന്നിയര്‍ ഭക്ഷണത്തിന് പകരമായി ഓരോ പെയിന്റിംഗ് നല്‍കാന്‍ തുടങ്ങി. തന്റെ ചിത്രങ്ങള്‍ മാത്രമല്ല തന്റെ സുഹൃത്തുക്കളായ ആര്‍ടിസ്റ്റുകള്‍ വരച്ച ചിത്രങ്ങളും ജോണ്‍ കിന്നിയര്‍ ഹോട്ടലില്‍ നല്‍കി പകരം ഭക്ഷണം വാങ്ങി കഴിക്കാന്‍ തുടങ്ങി. അങ്ങനെ കിന്നിയര്‍ വിശന്നിരുന്ന സമയത്താണ് ഒരു ചീസ് സാന്‍ഡ്വിച്ചിനുവേണ്ടി തന്റെ സുഹൃത്ത് കൂടിയായ മൗഡ് ലെവിസിന്റെ ചിത്രം കിന്നിയര്‍ വില്‍ക്കുന്നത്. ഇത് ദമ്പതികള്‍ക്ക് ഭാഗ്യം കൊണ്ടുവരികയായിരുന്നു.

1970ലാണ് ചിത്രകാരി മൗഡ് ലെവിസ് അന്തരിക്കുന്നത്. ലെവിസിന്റെ കാലശേഷമാണ് ഈ കലാകാരിക്ക് അര്‍ഹിക്കുന്ന പ്രശസ്തി ലഭിക്കുന്നത്. ലെവിസിന്റെ ജീവിതവും ചിത്രങ്ങളും ഈ അടുത്ത കാലത്ത് വലിയ നിരൂപക പ്രശംസ നേടി. ലെവിസിന്റെ ജീവിതം ആസ്പദമാക്കി ചില ചലച്ചിത്രങ്ങളും അടുത്തകാലത്ത് പുറത്തിറങ്ങിയിട്ടുണ്ട്. ലെവിസ് എഴുതിയ കത്തുകളും വലിയ തുകയ്ക്കാണ് ലേലത്തില്‍ വിറ്റുപോയിരുന്നത്.