കേന്ദ്രസർക്കാർ സൃഷ്ടിച്ചിരിക്കുന്നതല്ലാതെ കേരളത്തിന് ഇപ്പോൾ സവിശേഷമായ സാമ്പത്തിക പ്രതിസന്ധിയില്ല: തോമസ് ഐസക്

0
60

കേന്ദ്രസർക്കാർ സൃഷ്ടിച്ചിരിക്കുന്നതല്ലാതെ കേരളത്തിന് ഇപ്പോൾ എന്തെങ്കിലും സവിശേഷമായ സാമ്പത്തിക പ്രതിസന്ധിയില്ല എന്ന് സിപിഎം നേതാവും സംസ്ഥാന മുൻ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്. നിത്യനിദാന ചെലവുകൾ ചെയ്തു പോകുന്നതിന് അപ്പുറം നാളത്തെ കേരളം മുന്നിൽക്കണ്ട് നിക്ഷേപം നടത്താനും പൊതു പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും സംസ്ഥാനം ശ്രമിക്കുമ്പോൾ അതിനേ തുരങ്കം വയ്ക്കാൻ തുനിഞ്ഞിറങ്ങുന്ന രീതിയാണ് കേന്ദ്രഭരണ പാർട്ടിയും അവരുടെ പ്രേരണയിൽ കേന്ദ്രസർക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. കേരളം പൊതുനിക്ഷേപം വർധിപ്പിക്കാൻ നടത്തുന്ന ബോധപൂർവ്വമായ നടപടികളെ തുരങ്കംവയ്ക്കാൻ ഇറങ്ങുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം കിഫ്ബിയോടുള്ള സമീപനമാണെന്നും ഐസക് പറയുന്നു.
പഞ്ചാബിന് 53.3 ശതമാനമാണ് കടം. രാജസ്ഥാൻ 39.8 ശതമാനം. പശ്ചിമബംഗാൾ 38.8 ശതമാനം. കേരളത്തിന്റേത് 38.3 ശതമാനം. ഇങ്ങനെയാണ് കണക്കുകൾ. അപ്പോഴും കേരളം കടം കൊണ്ട് മുങ്ങി എന്നു പറഞ്ഞ് ഇറങ്ങുന്നത് കോൺഗ്രസും ബിജെപിയുമാണെന്നും പോസ്റ്റിൽ പറയുന്നു.
കേന്ദ്രസർക്കാർ സൃഷ്ടിച്ചിരിക്കുന്നതല്ലാതെ കേരളത്തിന് ഇപ്പോൾ എന്തെങ്കിലും സവിശേഷമായ സാമ്പത്തിക പ്രതിസന്ധിയില്ല. കേരളത്തെ ധനപ്രതിസന്ധിയിൽപ്പെടുത്തിയേ അടങ്ങൂ എന്ന കേന്ദ്ര സർക്കാരിന്റെ വാശിയും വൈരനിര്യാതന ബുദ്ധിയും നാം മനസ്സിലാക്കണം.
നിത്യനിദാന ചെലവുകൾ ചെയ്തു പോകുന്നതിന് അപ്പുറം നാളത്തെ കേരളം മുന്നിൽക്കണ്ട് നിക്ഷേപം നടത്താനും പൊതു പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും സംസ്ഥാനം ശ്രമിക്കുമ്പോൾ അതിനേ തുരങ്കം വയ്ക്കാൻ തുനിഞ്ഞിറങ്ങുന്ന രീതിയാണ് കേന്ദ്രഭരണ പാർട്ടിയും അവരുടെ പ്രേരണയിൽ കേന്ദ്രസർക്കാരും സ്വീകരിക്കുന്നത്. ദൗർഭാഗ്യവശാൽ കേരളത്തിലെ പ്രതിപക്ഷവും ജനവിരുദ്ധമായ ഈ സമീപനത്തിന് കുടപിടിക്കുകയാണ് ചെയ്യുന്നത്.
കേരളം പൊതുനിക്ഷേപം വർധിപ്പിക്കാൻ നടത്തുന്ന ബോധപൂർവ്വമായ നടപടികളെ തുരങ്കംവയ്ക്കാൻ ഇറങ്ങുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം കിഫ്ബിയോടുള്ള സമീപനമാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ ഒരു നിശ്ചിത ശതമാനം നീക്കിവച്ച് കാൽനൂറ്റാണ്ടു കൊണ്ട് മാത്രം സാധാരണഗതിയിൽ നിർമ്മിക്കാൻ കഴിയുന്ന റോഡുകളും പാലങ്ങളും ആശുപത്രിയും സ്കൂളും കളിക്കളങ്ങളും കുടിവെള്ള പദ്ധതിയും എല്ലാം ഇപ്പോഴേ നടപ്പിലാക്കുവാൻ കിഫ്ബി സഹായിക്കുന്നു. അതിനെതിരെ എന്തെല്ലാം അപവാദങ്ങളും നിയമകുരുക്കുകളുമാണ് ഇക്കൂട്ടർ മെനഞ്ഞത്?
കിഫ്ബി വായ്പ്പകൾ ഒരു അധിക ബാധ്യതയും ഭാവി കേരളത്തിന് ഉണ്ടാക്കുകയില്ല എന്നത് കണക്കും വസ്തുതകളും നിരത്തി വിശദമായി നിയമസഭയിലും പുറത്തും നാം ചർച്ച ചെയ്തതല്ലേ? 2016-ലെ കിഫ്ബി ഭേദഗതി നിയമം നിയമസഭ വിശാലമായ ചർച്ചയ്ക്കു ശേഷം ഏകകണ്ഡമായി പാസ്സാക്കിയതല്ലേ? എല്ലാ സാങ്കേതിക വിശദാംശങ്ങളും ചർച്ച ചെയ്തു. ഇതിനുശേഷം, കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നമല്ല, ഈ നാട്ടിൽ വികസനം കൊണ്ട് വരുന്ന യാഥാർഥ്യമാണ് എന്നു വന്നപ്പോഴാണല്ലോ എല്ലാത്തരം കുതന്ത്രങ്ങളും പുറത്തു വന്നത്.
കിഫ്ബി വഴിയുള്ള മുതൽ മുടക്ക് ഇല്ലെങ്കിൽ സ്കൂളുകൾക്കും ആശുപത്രികൾക്കുമെല്ലാം ഇന്ന് നാം കാണുന്ന വികസനം സാധ്യമാകുമായിരുന്നോ? റോഡുകളും പാലങ്ങളും കളിസ്ഥലങ്ങളും ഈ നിലയിലേക്ക് ഉയർത്തുന്നത് നമുക്ക് ആലോചിക്കാനാകുമായിരുന്നോ? വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളും എറണാകുളം ജനറൽ ആശുപത്രിയും കളമശേരി മെഡിക്കൽ കോളേജിന്റെ വികസനവും കൊച്ചി ക്യാൻസർ സെന്ററും എല്ലാം ഈ നിലയിൽ പുരോഗമിക്കുമായിരുന്നോ? ഇൻഫോപാർക്കിൽ ഉയരുന്ന പുതിയ തൊഴിലിടം ഉയരുമായിരുന്നോ? എത്രകാലമായി നമ്മുടെ ദേശീയപാതാ വികസനം മരീചികയായി തുടർന്നു.
ഒടുവിൽ കേരളത്തോട് മാത്രം ഭൂമി ഏറ്റെടുക്കുന്നതിലുള്ള ചെലവിന്റെ നാലിലൊന്നു വഹിക്കണമെന്നു കേന്ദ്രം പറഞ്ഞപ്പോൾ പതറാതെ ആ പണം നല്കാൻ സമ്മതിച്ചതും കിഫ്ബിയുടെ ബലമല്ലേ? ഒരാളുടെയും കണ്ണീർ വീഴാതെ ഈ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചില്ലേ? എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാനുണ്ട്. ഇപ്പോഴത്തെ വിമർശനം കിഫ്ബി പദ്ധതികൾ വൈകുന്നു എന്നതാണല്ലോ? സർക്കാരിന്റെ ഭാവി നികുതി വരുമാനത്തിൽ ഒരു പങ്ക് നീക്കിവച്ച് ധനസമാഹരണം നടത്തി നാടിന്റെ ആവശ്യങ്ങൾ ഇന്നുതന്നെ നടപ്പിലാക്കണമെന്ന രീതിയെത്തന്നെ തള്ളിപ്പറഞ്ഞുകൊണ്ട്, മിച്ചമുണ്ടാകുന്ന കാലത്ത് സ്കൂളും ആശുപത്രിയും റോഡും പാലവും ഉണ്ടാക്കിയാൽ മതിയെന്ന വാദം ഉയർത്തിപ്പിടിക്കുന്നവരാണ് ഈ വിമർശനം പറയുന്നത് എന്നത് ഓർക്കണം.
നിയമസഭ നിരാകരിച്ച AG-യുടെ കിഫ്ബി സംബന്ധിച്ച പരാമർശങ്ങൾ നാം ഓർക്കണം. കിഫ്ബി നിയമസഭ പാസ്സാക്കിയ ഒരു ആക്ടിൻ പ്രകാരം പ്രവർത്തിക്കുന്ന ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. ഇതുപോലെ പല പൊതുമേഖലാ ബോർഡുകളും കോർപ്പറേഷനുകളും ഉണ്ട്. ഇവയെല്ലാം വിപണിയിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ്പ എടുത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തും. ഈ വായ്പ്പകൾ ഒരു കാലത്തും സംസ്ഥാന സർക്കാരിന്റെ കടബാദ്ധ്യതയായി കണക്കിലാക്കിയിട്ടില്ല. കിഫ്ബിയുടെ വായ്പ്പ സംസ്ഥാന സർക്കാരിന്റെ വായ്പ്പയാണ്. കേന്ദ്രം അനുവദിക്കുന്ന വാർഷിക വായ്പ്പയുടെ പരിധിയിൽ ഇതും ഉൾപ്പെടുമെന്നു പറഞ്ഞ് സംസ്ഥാനത്തിന് നിയമപരമായി എടുക്കാവുന്ന കടം പരിമിതപ്പെടുത്തി സംസ്ഥാന സർക്കാരിനെ വരിഞ്ഞു മുറുക്കാനാണു ശ്രമിച്ചത്. അതിനെതിരെയയാണ് കേരളം സഭയിലും പുറത്തും പോരാടിയത്.
ഇപ്പോൾ കേന്ദ്ര സർക്കാർ വീണ്ടും ഈ നിലപാട് ആവർത്തിക്കുകയാണ്. മഹാമാരി ഉണ്ടാക്കിയ മാന്ദ്യം മറികടക്കാൻ കൂടുതൽ പൊതുപണം മുടക്ക് ആവശ്യമായ ഘട്ടത്തിലാണ് കിഫ്ബിയുടെ നാളിതു വരെയുള്ള വായ്പ്പ കിഴിച്ചു മാത്രമേ സംസ്ഥാനത്തിന് കടമെടുപ്പ് അനുവദിക്കൂ എന്ന നിലപാട് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്? എവിടെയെങ്കിലും എന്നെങ്കിലും ഈ രീതി ഇതിനു മുൻപു സ്വീകരിച്ച ചരിത്രമില്ല. കേരളത്തെ സാമ്പത്തികമായി ഞെരുക്കി പ്രയാസത്തിലാക്കാനുള്ള നീക്കമാണിത്.
കേരളം എന്തോ കടക്കെണിയിലാണ് എന്ന പ്രചരണമാണ് ഈ വാദം കൈക്കൊള്ളുന്നവർ ഉന്നയിക്കുന്നത്. റിസർവ് ബാങ്കിന്റെ സംസ്ഥാന ബജറ്റുകളുടെ അവലോകന പഠനമുണ്ട്. 2022-ലെ കടത്തിന്റെ കണക്കുകൾ അതിലുണ്ട്. സംസ്ഥാന വരുമാനത്തിന്റെ ശതമാനമായിട്ടാണ് ഈ കണക്കുകൾ മനസ്സിലാക്കുന്നത്. പഞ്ചാബിന് 53.3 ശതമാനമാണ് കടം. രാജസ്ഥാൻ 39.8 ശതമാനം. പശ്ചിമബംഗാൾ 38.8 ശതമാനം. കേരളത്തിന്റേത് 38.3 ശതമാനം. ഇങ്ങനെയാണ് കണക്കുകൾ. അപ്പോഴും കേരളം കടം കൊണ്ട് മുങ്ങി എന്നു പറഞ്ഞ് ഇറങ്ങുന്നത് കോൺഗ്രസും ബിജെപിയുമാണ്.
മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ എന്തെങ്കിലും മാറ്റിവച്ചു കൊണ്ടല്ല കേരളം നാളേക്കു വേണ്ട നിക്ഷേപം നടത്തുന്നത്. രാജ്യത്തെ വിലക്കയറ്റ നിരക്കു സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസം കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓർഗനൈസേഷൻ പുറത്തു വിട്ടല്ലോ. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റ നിരക്ക് കേരളത്തിലാണ് എന്നാണ് ഈ ഔദ്യോഗിക കണക്കുകൾ പറഞ്ഞത്. സർക്കാർ നടത്തുന്ന വിപണി ഇടപെടലുകളുടെ ഫലമാണിത്. മനുഷ്യരുടെ നിത്യ ജീവിതത്തിൽ കരുതലാകേണ്ടതെങ്ങനെ എന്നു പ്രവർത്തിച്ചു തെളിയിക്കുന്ന സർക്കാരാണ് LDF സർക്കാർ. പ്രളയക്കാലത്തും കോവിഡ് കാലത്തും ഈ കരുതൽ കാത്തുസൂക്ഷിച്ച സംസ്ഥാനമാണ് കേരളം. അതാണ് തുടരുന്നതും. ഇതിനോടൊപ്പം നാളത്തെ തലമുറയ്ക്ക് വേണ്ട കേരളത്തെ പടുത്തുയർത്തുകയും വേണം.
കരുതലും വികസനവുമാണ് LDF സർക്കാരിന്റെ സമീപനം. അതിനു വിഘാതം ഉണ്ടാക്കാനുള്ള പരിശ്രമമാണ് കോൺഗ്രസ്സും ബിജെപിയും സ്വീകരിക്കുന്നത്. ഈ പിപ്പിടികൾ കൊണ്ടൊന്നും LDF സർക്കാരിനെ തടയാനാകില്ല.