ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ മരിച്ചു

0
76

സിഡ്‌നി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ്(46) അന്തരിച്ചു. ശനിയാഴ്ച രാത്രി ക്വീൻസ്ലാൻഡിലെ ടൗൺസ് വില്ലയിലുള്ള വീടിന് സമീപത്ത് ഉണ്ടായ കാർ അപകടത്തിലായിരുന്നു മരണം. ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് വിവരം. സൈമണ്ട്‌സിന്റെ വീടിന് 50 കി.മീ അകലെ ഹെർവി റേഞ്ച് റോഡിൽ കാർ ഓടിക്കുന്നതിനിടയിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം കാർ മറിയുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു അദ്ദേഹം. ഓസ്ട്രേലിയക്കായി 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയക്കായി കളത്തിലിറങ്ങി. 2003ലും 2007ലും തുടർച്ചയായി ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിലെ പ്രധാന അംഗമായിരുന്നു.

ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്‌ട്ര ഏകദിന മത്സരവും കളിച്ചത്. 198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. ട്വന്റി-20 മത്സരങ്ങളിൽ നിന്നായി 337 റൺസും എട്ടു വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.