ദില്ലിയിൽ മുണ്ട്കാ തീപിടുത്തത്തിൽ മരിച്ച എഴ് പേരെ തിരിച്ചറിഞ്ഞു

0
57

ദില്ലി: ദില്ലിയിൽ മുണ്ട്കാ തീപിടുത്തത്തിൽ (Mundka Fire)  മരിച്ച എഴ് പേരെ തിരിച്ചറിഞ്ഞു. ഏഴുപേരും മുണ്ട്കാ സ്വദേശികളാണ്. മൃതദേഹങ്ങൾ പലതും കത്തിയെരിഞ്ഞതാണ് തിരിച്ചറിയുന്നതിനുള്ള ശ്രമത്തിൽ വെല്ലുവിളിയാകുന്നത്. മറ്റുള്ളവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. തീപിടുത്തം നടന്നിടത്ത് ഇന്ന് നടന്ന തെരച്ചിലിൽ മൂന്ന് മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. അതേസമയം സംഭവസ്ഥലം സന്ദർശിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തീപിടുത്തത്തില്‍ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. 
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായധനം നൽകുമെന്നും അറിയിച്ചു. ഇതുവരെ 29 പേരെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ സംഭവസ്ഥലത്തും ആശുപത്രികളിലും ഉറ്റവരെ കണ്ടെത്താനായുള്ള ശ്രമത്തിലാണ്. തീപിടുത്തവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കമ്പനി ഉടമകളെ ചോദ്യം ചെയ്ത് വരികയാണ്. കെട്ടിട ഉടമയ്ക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കെട്ടിടനിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരിലേക്ക് അടക്കം അന്വേഷണം നീളുമെന്നാണ് പൊലീസ് നൽകുന്ന വിവരം.