നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് ഓര്‍ഡിനന്‍സായി പാസാക്കാന്‍ കർണാടക മന്ത്രിസഭയുടെ അനുമതി

0
66

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലിനെ ഓര്‍ഡിനന്‍സായി പാസാക്കാന്‍ കർണാടകയിൽ മന്ത്രിസഭാ അനുമതി. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ മന്ത്രിസഭ അംഗീകരിച്ചു. പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കാം. കൂട്ട മതപരിവർത്തനത്തിന് പത്തു വർഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ.
ഈ ബില്ല് നേരത്തെ നിയമസഭ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ ഒരംഗത്തിന്‍റെ കുറവ് ബിജെപിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഓര്‍ഡിനനന്‍സ് ആക്കി പാസാക്കാന്‍ തീരുമാനിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലാണ് പ്രത്യേക ഓർഡിനൻസിലൂടെയാണ് പാസാക്കിയത്.
കർണാടകയുടെ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ത്രയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2021ൽ കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ബിൽ പാസാക്കിയിരുന്നു. എന്നാൽ, നിയമസഭാ സമ്മേളനം നീട്ടിവച്ച സാഹചര്യത്തിൽ ബിൽ ഓർഡിനൻസാക്കി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്.