അയര്‍കുന്നത്ത് വീട്ടിനുള്ളില്‍ ദമ്പതിമാര്‍ മരിച്ചനിലയില്‍

0
69

കോട്ടയം: അയര്‍കുന്നത്ത് ദമ്പതിമാരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അയര്‍കുന്നം പതിക്കല്‍ വീട്ടില്‍ സുധീഷ്(40) ഭാര്യ ടിന്റു(34) എന്നിവരാണ് മരിച്ചത്. സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ടിന്റുവിനെ മുറിയിലെ കട്ടിലിനടിയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി സുധീഷ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാവിലെ മകനെ അന്വേഷിച്ചെത്തിയ സുധീഷിന്റെ മാതാവും അയല്‍ക്കാരുമാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഫോണ്‍വിളിച്ചിട്ട് കിട്ടാത്തതിനാല്‍ സുധീഷിന്റെ മാതാവ് മകനെ അന്വേഷിച്ച് വീട്ടിലെത്തി. എന്നാല്‍ കോളിങ് ബെല്ലടിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ അയല്‍ക്കാരെ വിളിച്ചുവരുത്തി. തുടര്‍ന്ന് ജനല്‍ച്ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് സുധീഷിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. തൊട്ടടുത്ത മുറിയില്‍ കട്ടിലിനടിയില്‍ ട്വിന്റുവിനെയും മരിച്ചനിലയില്‍ കണ്ടെത്തി.
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സുധീഷിന്റെ കൈഞരമ്പുകള്‍ മുറിച്ചനിലയിലായിരുന്നു. ട്വിന്റുവിനെ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. കഴുത്തില്‍ ഷാള്‍ കുരുക്കിയ പാടുകളുമുണ്ട്.
വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഡി.ശില്പ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും മരണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ദമ്പതിമാര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായി അറിയില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. വിശദമായ അന്വേഷണം നടത്തണമെന്നും എസ്.പി. വ്യക്തമാക്കി.