കള്ളപ്പണക്കേസിൽ ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

0
74

ദില്ലി: കള്ളപ്പണക്കേസിൽ ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇന്നലെയും ഇന്നുമായി നടന്ന ചോദ്യം ചെയ്യലിനൊടുവിൽ വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച പൂജാ സിംഗാളിന്‍റെ അടുത്ത വ്യക്തികളുടെ ഓഫീസുകളിലും വസതികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. പൂജയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ വീട്ടിൽ നിന്ന് 19 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റ് വരെ കാര്യങ്ങളെത്തിയിട്ടും മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെ വിശ്വസ്തയായ  പൂജ സിംഗാളിനെതിരെ നടപടിയെടുക്കാൻ ജാർഖണ്ഡ് സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
ആരാണ് പൂജ സിം​ഗാൾ?
സമീപ കാലത്തെ വലിയ കള്ളപ്പണ വേട്ടയിൽ പ്രതി സ്ഥാനത്തുള്ള പൂജ സിംഗാൾ ആരാണ് എന്ന് പലർക്കും വ്യക്തതയില്ല. ഐഎഎസ് ഓഫീസറും ജാർഖണ്ഡ് ഗവൺമെന്റിന്റെ മൈൻസ് ആൻഡ് ജിയോളജി വകുപ്പിന്റെ സെക്രട്ടറിയുമാണ് പൂജ സിംഗാൾ. നിലവിൽ ജാർഖണ്ഡ് സ്റ്റേറ്റ് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ചെയർപേഴ്സണായും പൂജാ സിംഗാൾ പ്രവർത്തിക്കുന്നുണ്ട്.
മുമ്പ് ബിജെപി സർക്കാരിൽ കൃഷി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന സമയത്ത് വിവാദ ഐഎഎസ് ഉദ്യോഗസ്ഥയായി അവർ മാറിയിരുന്നു.   2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെ നേരത്തെ ഖുന്തി ജില്ലയിൽ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു.  ഛത്ര, ഖുന്തി, പലാമു ജില്ലകളിൽ ഡെപ്യൂട്ടികമ്മീഷണറായിരിക്കെ പൂജക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നിരുന്നു. പലാമുവിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ പൂജാ സിംഗാൾ 83 ഏക്കർ ഭൂമി ഖനനത്തിനായി സ്വകാര്യ കമ്പനിക്ക് കൈമാറിയെന്നായിരുന്നു ആരോപണം.
റാഞ്ചിയിലെ പൾസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ അഭിഷേക് ഝായാണ് ഐഎഎസ് പൂജ സിംഗാളിനെ വിവാഹം കഴിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥൻ രാഹുൽ പുർവാറിനെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു പൂജ  അഭിഷേക് ഝായെ വിവാഹം കഴിച്ചത്. പൾസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഡയറക്ടർമാരിലൊരാളായ പൂജാ സിംഗാളിന്റെ സഹോദരൻ സിദ്ധാർത്ഥ് സിംഗാളും എംഎൻആർഇജിഎ ഫണ്ട് അപഹരിച്ച കേസിൽ ഇഡിയുടെ നിരീക്ഷണത്തിലാണ്.