കൊട്ടാരക്കയിൽ വീട്ട് മുറ്റത്ത് നട്ട് പരിപാലിച്ച കഞ്ചാവ് ചെടി പിടികൂടി; അറുപതുകാരി അറസ്റ്റിൽ

0
103

കൊല്ലം: കൊട്ടാരക്കയിൽ വീട്ടുമുറ്റത്ത് നട്ട് പരിപാലിച്ച കഞ്ചാവ് ചെടി പിടികൂടി. കഞ്ചാവ് ചെടി വളർത്തിയ അറുപതുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. മേലില കണിയാൻൻകുഴി സ്വദേശിനി തുളസിയാണ് അറസ്റ്റിലായത്.

വീട്ടുമുറ്റത്ത് തഴച്ചുവളർന്നു നിൽക്കുകയായിരുന്നു ഈ കഞ്ചാവ് ചെടി. 10 അടിയിലധികം ഉയരമുണ്ട്. 61 ശിഖരങ്ങൾ ഉൾപ്പെടെ പൂർണ്ണവളർച്ചയെത്തിയ കഞ്ചാവ് ചെടി പരിപാലിച്ചു പോന്നിരുന്നത് അറുപതുകാരിയായ തുളസി എന്ന വീട്ടമ്മയാണ്. വീടിന്റെ മുൻവശത്തായിരുന്നു കഞ്ചാവ് ചെടി നിന്നിരുന്നത്. കൊട്ടാരക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എ സഹദുള്ളക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീയാണെന്നും, ഇവരുടെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗം നടക്കുന്നുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കഞ്ചാവ് വാങ്ങി ഉപയോഗിക്കാൻ കൂടുതൽ പണം വേണ്ടതിനാലാണ് പ്രതി ചെടി നട്ടുവളർത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതി തുളസിയെ റിമാൻഡ് ചെയ്തു.