ആലപ്പുഴയിലെ കൂട്ടമരണത്തില്‍ ദുരൂഹത അകലുന്നില്ല

0
64

ആലപ്പുഴ: ആലപ്പുഴയിലെ കൂട്ടമരണത്തില്‍ ദുരൂഹത അകലുന്നില്ല. വട്ടപ്പള്ളി സ്വദേശി റെനീസിന്റെ ഭാര്യ നജ്‌ലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച്‌ സഹോദരി നഫ്‌ള രംഗത്ത് എത്തി.

കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജ്‌ലഎന്ന് ഇവര്‍ പറയുന്നു. റെനീസും അയാളുടെ കാമുകിയും ചേര്‍ന്ന് സഹോദരിയെയും കുട്ടികളെയും കൊലപ്പെടുത്തിയതാണെന്നും സഹോദരി ആരോപിക്കുന്നു.

മരണം നടന്നതിന് തലേദിവസവും, ഇരുവരും തമ്മില്‍ ക്വാര്‍ട്ടേഴ്‌സില്‍ തര്‍ക്കമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളില്‍ മനംനൊന്താണ് വട്ടപ്പള്ളി സ്വദേശി റെനീസിന്റെ ഭാര്യ മക്കളെക്കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പോലീസുകാരനായ റെനീസിന് ഒന്നിലേറെ സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവരുന്നു. ഇതില്‍ ഒരു സ്ത്രീ റെനീസിന്റെ ബന്ധു തന്നെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കെതിരെയാണ് നജ്‌ലയുടെ സഹോദരിയുടെ ആരോപണം.

പല സ്ത്രീകളും തമ്മിലുള്ള റെനീസിന്റെ വാട്‌സാപ്പ് ചാറ്റുകള്‍ പലതവണ, നജ്‌ല കൈയോടെ പിടികൂടിയിരുന്നു. അപ്പോഴൊക്കെ റെനീസ് ഇവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവത്രെ. ഇതിനെച്ചൊല്ലി ക്വാര്‍ട്ടേഴ്‌സില്‍ ഇരുവരും തമ്മില്‍ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും പറയപ്പെടുന്നു. ജീവിതം തന്നെ ദുസ്സഹമായപ്പോള്‍ നജ്‌ല വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റെനീസ് നല്‍കിയില്ല. ബന്ധം വേര്‍പ്പെടുത്തിയാല്‍ വീട്ടിലെത്തി നജ്‌ലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതില്‍ ഭയന്നാണ് ബന്ധം വേര്‍പെടുത്താതെ നജ്‌ല തുടര്‍ന്ന് വന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

ഇന്ന് രാവിലെയോടെയാണ് ആലപ്പുഴയെ നടുക്കി ഒരു കുടുംബത്തിലെ മൂന്നു പേരുടെ മരണവാര്‍ത്ത പുറത്തറിയുന്നത്. രാത്രി ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും താന്‍ മരിച്ച നിലയില്‍ കണ്ടത് എന്നാണ് റെനീസ് പറയുന്നത്. 5 വയസ്സുകാരന്‍ ടിപ്പു സുല്‍ത്താനെയും ഒന്നര വയസ്സുകാരി മലാലയെയും കൊലപ്പെടുത്തിയ ശേഷം മാതാവ് 28 കാരിയായ നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാള്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് നജ്‌ലയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് റെനീസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്