2022 ലെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ടി. പത്മനാഭന്

0
231

തൃശൂര്‍: 2022 ലെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരത്തിന് ടി. പദ്മനാഭന്‍ അര്‍ഹനായി. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയാണ് പുരസ്‌കാരം നല്‍കുന്നത്.
ഡോ. എം.എം ബഷീര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒ.എന്‍.വി ജയന്തി ദിനമായ മെയ് 27 നു തിരുവനന്തപുരത്തു വച്ച് പുരസ്‌കാരം സമര്‍പ്പിക്കും.
മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സര്‍ഗ്ഗധനനായ കഥാകാരനാണ് ടി പദ്മനാഭന്‍ എന്ന് ജൂറി വിലയിരുത്തി. ‘ഗൗരി’, ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’, മഖന്‍ സിംഗിന്റെ മരണം, മരയ, തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ അഭൗമ മണ്ഡലങ്ങളിലേക്ക് ടി പദ്മനാഭന്‍ അനുവാചക മനസ്സുകളെ ഉയര്‍ത്തിയതായും ജൂറി അഭിപ്രായപ്പെട്ടു.
2021 ലെ ഒ.എന്‍.വി യുവസാഹിത്യ പുരസ്‌കാരത്തിന് അരുണ്‍കുമാര്‍ അന്നൂര്‍ രചിച്ച ‘കലിനളന്‍’ എന്ന കൃതിയും, 2022 ലെ പുരസ്‌കാരം അമൃത ദിനേശിന്റെ ‘അമൃതഗീത’ എന്ന കൃതിയും അര്‍ഹമായി. പ്രഭാവര്‍മ്മ, റോസ് മേരി, എസ്.മഹാദേവന്‍ തമ്പി എന്നിവര്‍ ഉള്‍പ്പെട്ട ജൂറി 152 കൃതികളില്‍ നിന്ന് ഏകകണ്ഠമായാണ് ഈ രണ്ടു കൃതികള്‍ തിരഞ്ഞെടുത്തത്. 50000 രൂപയും, ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് യുവസാഹിത്യ പുരസ്‌കാരം.