ബോളിവുഡ് ചിത്രം ‘ദ കശ്‍മീര്‍ ഫയല്‍സ്’ സിംഗപ്പൂരിൽ നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. സിംഗപ്പൂരിന്റെ ഫിലിം ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കപ്പുറമാണ് ചിത്രമെന്നാണ് അധികൃതരുടെ വിലയിരുത്തലെന്ന് വാർത്താ ഏജൻസിയായ പിറ്റിഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സിംഗപ്പൂരിലെ സാംസ്കാരിക-സാമൂഹിക-യുവജന മന്ത്രാലയും ആഭ്യന്തര മന്ത്രാലയവും ഇൻഫോകോം മീഡിയ ഡെവലപ്മെന്റ് അതോറിറ്റിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
സിനിമ പ്രതിനിധാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ, ബഹുജാതി-മത സമൂഹത്തിലെ സാമൂഹിക ഐക്യവും മതസൗഹാർദ്ദവും തകർക്കാനുള്ള സാധ്യതയുണ്ടെന്നും അവർ വിലയിരുത്തുന്നു. 1990-കളിൽ കശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് ദി കശ്മീർ ഫയൽസ്. മാർച്ച് 11 നായിരുന്നു റിലീസ്. പിന്നാലെ നിരവധി വിമർശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നു. സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് ചില സംഘടനകളും രംഗത്തെത്തിയിരുന്നു. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിവേക് അഗ്നിഹോത്രിക്ക് വൈ സെക്യൂരിറ്റി സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
കശ്മീരി പണ്ഡിറ്റികളുടെ കഥ പറയുന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വിവേക് അഗ്നിഹോത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞിരുന്നു. രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.