Friday
19 December 2025
20.8 C
Kerala
HomeIndiaലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്ര ഉൾപ്പെടെ നാല് പേർക്ക് ജാമ്യമില്ല

ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്ര ഉൾപ്പെടെ നാല് പേർക്ക് ജാമ്യമില്ല

ദില്ലി: ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്ര ഉൾപ്പെടെ നാല് പേർക്ക് ജാമ്യമില്ല. പ്രതികളുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി  തള്ളി. പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഹർജി പരിഗണിക്കവേ, കേന്ദ്രമന്ത്രി അജയ് മിശ്രയെ കോടതി രൂക്ഷമായി വിമർശിച്ചു. കർഷകർക്കെതിരെ അജയ് മിശ്ര നടത്തിയ ഭീഷണിയാണ് ദൗർഭാഗ്യകരമായ സംഭവത്തിലേക്ക് നയിച്ചതെന്ന് കോടതി നിരീക്ഷിച്ചു. പ്രസംഗം ഒഴിവാക്കിയിരുന്നെങ്കിൽ സംഭവങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.
അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക്  അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഫെബ്രുവരിയിൽ അനുവദിച്ച ജാമ്യമാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.  ഇരകളെ കേൾക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് വിലയിരുത്തിയായിരുന്നു നടപടി. കേസിൽ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ഒക്ടോബർ 9 നാണ് കേസിൽ ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ആശിഷ് മിശ്രയ്ക്കെതിരെ സുപ്രീം കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments