Wednesday
17 December 2025
30.8 C
Kerala
HomeIndiaഗുജറാത്തിലെ രാജ്‌കോട്ടില്‍ 49-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

ഗുജറാത്തിലെ രാജ്‌കോട്ടില്‍ 49-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ 49-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ ഒപ്പംതാമസിച്ചിരുന്ന യുവതി അറസ്റ്റില്‍. രാജ്‌കോട്ട് മാരുതി നഗര്‍ സ്വദേശി രാകേഷ് അഥിയാരുവിന്റെ കൊലപാതകത്തിലാണ് ഒപ്പംതാമസിച്ചിരുന്ന ആശ ചൗഹാനെ അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ രാകേഷിന്റെ ഇളയമകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് യുവതി രാകേഷിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഭാരമേറിയ വസ്തു കൊണ്ടാണ് രാകേഷിന്റെ തലയ്ക്കടിച്ചത്. മരണം ഉറപ്പാക്കിയതോടെ മൃതദേഹം വീട്ടിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം.
15 വര്‍ഷം മുമ്പ് ഭാര്യയുമായി വേര്‍പിരിഞ്ഞശേഷം ആശയോടൊപ്പമായിരുന്നു രാകേഷ് താമസിച്ചിരുന്നത്. ഇവരുടെ വീടിന് തൊട്ടടുത്തായി രാകേഷിന്റെ ബന്ധുക്കളും താമസിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ബന്ധുക്കളെല്ലാം സമീപത്തെ ആരാധനാലയത്തിലേക്ക് പോയിരുന്നു. ഇതിനിടെയാണ് യുവതി കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
രാകേഷിന്റെ വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ടാണ് അയല്‍ക്കാര്‍ വിവരമറിയുന്നത്. ഉടന്‍തന്നെ ഇവര്‍ രാകേഷിന്റെ സഹോദരന്‍ ശൈലേഷിനെ വിവരമറിയിച്ചു. വീട്ടിലെത്തിയപ്പോള്‍ പാതി കത്തിക്കരിഞ്ഞനിലയിലാണ് സഹോദരന്റെ മൃതദേഹം കണ്ടതെന്നാണ് ഇയാളുടെ മൊഴി. മുറിയിലാകെ മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. സംഭവത്തില്‍ ആശയെ സംശയിക്കുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു.
അതേസമയം, പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍ ആശ കുറ്റംസമ്മതിച്ചിരുന്നില്ല. മുഖംമൂടി ധരിച്ച മൂന്നംഗസംഘം വീട്ടിലെത്തിയെന്നും ഇവര്‍ രാകേഷിനെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തിയെന്നുമായിരുന്നു യുവതിയുടെ ആദ്യമൊഴി. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു.
അടുത്തിടെയായി രാകേഷ് പതിവായി വഴക്കിട്ടിരുന്നതായും ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് താന്‍ സംശയിച്ചിരുന്നതായും ആശ പോലീസിനോട് പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനാണ് മൃതദേഹം കത്തിച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments