സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു

0
93

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ആകെ 18 സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയതായി ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങൾ, ലൈസൻസ് ഇല്ലാത്ത 5 സ്ഥാപനങ്ങൾ എന്നിവയാണ് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയത്
ഇടുക്കി ജില്ലയിൽ അടിമാലി ആനച്ചാൽ മൂന്നാർ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി.  ആറ് കടകൾക്കെതിരെ നടപടി.. ലൈസൻസില്ലാത്ത രണ്ട് കടകൾ പൂട്ടിച്ചു. നാല് കടകൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി.മൂന്നിടങ്ങളിൽ ആയി 12 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
കോട്ടയത്ത്‌ ഇത്  വരെ  13 സ്ഥാപനങ്ങളിൽ  പരിശോധന  നടത്തി. രണ്ടു കടകൾക്കു  നോട്ടീസ്  നൽകി. പഴകിയ  പാലും, തുറന്നു  വച്ച  പഴങ്ങളും  കണ്ടെത്തിയതിനാണ്  നോട്ടീസ്. ഏറ്റുമാനൂർ, പട്ടിത്താനം  എന്നിവിടങ്ങളിൽ ആണ്  പരിശോധന നടന്നത്.
കോഴിക്കോട് ജില്ലയിൽ ഇന്നും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ വ്യാപക പരിശോധന നടന്നു. കുറ്റ്യാടിയിൽ  വിൽപ്പനയ്ക്ക് വച്ചിരുന്ന 15 കിലോ ചീഞ്ഞ മത്സ്യം നശിപ്പിച്ചു. 8 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. മാവൂർ റോഡ്, നരിക്കുനി, തീക്കുനി, തുളട്ടുനട, ആയഞ്ചേരി, വില്ല്യാപ്പള്ളി, താമരശ്ശേരി,എന്നിവിടങ്ങളിലായാണ് പരിശോധന  നടന്നത്.
കാസർകോട് നഗരത്തിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു.  വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സം സം ഹോട്ടലിൽനിന്ന് പിഴയീടാക്കി. പെയിന്റിന്റെ ബക്കറ്റിൽ സൂക്ഷിച്ച ചിക്കനും കാലാവധി കഴിഞ്ഞ പാലും വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ച മുട്ടയും കണ്ടെത്തി. പല ഹോട്ടലുകളുടെയും അടുക്കള വൃത്തിഹീനമാണെന്നും കണ്ടെത്തി.  വിവിധ കൂൾബാറുകളുനിന്ന് വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചു