കക്കട്ടില്‍(കോഴിക്കോട്): മധ്യപൂര്‍വ റെയില്‍വേ ബാസ്‌കറ്റ്‌ബോള്‍ താരം കെ.സി. ലിതാരയുടെ മരണം ബിഹാര്‍ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ഇക്കഴിഞ്ഞ ഏപ്രില്‍ 26-നാണ് പട്‌ന ദാനാപുരിലെ താമസസ്ഥലത്ത് ലിതാരയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോച്ച് രവി സിങ്ങിന്റെ നിരന്തരമായ മാനസികപീഡനമാണ് ലിതാരയുടെ മരണത്തിനിടയാക്കിയത് എന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയും ബിഹാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പട്‌ന രാജീവ് നഗര്‍ പോലീസ് സ്റ്റേഷനില്‍ ഐ.പി.സി. 306 പ്രകാരം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരുടെയും അറസ്റ്റ് ഉണ്ടായില്ല. തുടര്‍ന്ന് അന്വേഷണം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറണമെന്നാവശ്യപ്പെട്ട് എല്‍.ജെ.ഡി. സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പരാതി നല്‍കി. ഗൗരവം ബോധ്യപ്പെട്ട മുഖ്യമന്ത്രി പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പട്‌ന സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. പട്‌ന സീനിയര്‍ എസ്.പി. എം.എസ്. ധില്ലോണ്‍ മേല്‍നോട്ടം വഹിക്കും.
2018-ല്‍ ദേശീയ ചാമ്പ്യന്‍മാരായ കേരളാ ബാസ്‌കറ്റ് ബോള്‍ ടീം അംഗമായിരുന്ന ലിതാര. റെയില്‍വേയില്‍ ധാനാപുരില്‍ ജൂനിയര്‍ ക്ലാര്‍ക്കായി ജോലിചെയ്തുവരുന്നതിനിടയിലാണ് കോച്ച് രവി സിങ്ങില്‍നിന്ന് തുടര്‍ച്ചയായ മാനസിക, ശാരീരിക പീഡനങ്ങളുണ്ടായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒരിക്കല്‍ കൈയില്‍ കയറിപ്പിടിച്ചതിനെത്തുടര്‍ന്ന് ലിതാര കോച്ചിനെ അടിച്ചിരുന്നു. തുടര്‍ന്ന് പലപ്പോഴും ഒറ്റയ്ക്ക് പരിശീലനത്തിന് എത്താന്‍ നിര്‍ബന്ധിക്കുകയും ഇതിന് ലിതാരാ തയ്യാറാകാതിരുന്നപ്പോള്‍ പരിശീലനത്തിനെത്തുന്നില്ലെന്ന് കാണിച്ച് മേലധികാരികള്‍ക്ക് പരാതി നല്‍കി ജോലിയില്‍ നിന്ന് പുറത്താക്കാനും ശ്രമമുണ്ടായി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
ലിതാരയുടെ ജോലിയുടെ ബലത്തില്‍ കുടുംബം 16 ലക്ഷത്തിന്റെ ഭവനവായ്പ എടുത്തിട്ടുണ്ട്. ഇത് എങ്ങനെ തിരിച്ചടയ്ക്കുമെന്നത് കുടുംബത്തിനെ അലട്ടുന്നുണ്ട്. അമ്മ ലളിത കാന്‍സര്‍ രോഗിയാണ്. കൂലിപ്പണിക്കാരനായ അച്ഛന്‍ കരുണനും രോഗിയാണ്.
അതിനിടെ ലിതാരയുടെ മരണത്തിനുശേഷം റെയില്‍വേ, സ്‌പോര്‍ട്‌സ് വകുപ്പ് ഉദ്യോഗസ്ഥരാരും കുടുംബവുമായി ബന്ധപ്പെടാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.