ലോകത്തിലെ ഏറ്റവും വലിയ വെള്ള വജ്രം; മൂല്യം 30 മില്യൺ ഡോളർ; ലേലത്തിനൊരുങ്ങുന്നത് ജനീവയിൽ

0
82

ജനീവ: ലോകത്തിലെ ഏറ്റവും വലിയ വൈറ്റ് ഡയമണ്ടായ ‘ദ റോക്ക്’ ലേലത്തിനായി ഒരുങ്ങുന്നു. ജനീവയിൽ അടുത്തയാഴ്ചയാണ് റോക്കിന്റെ ലേലം. ഇതുവരെ ലേലത്തിൽ വെച്ച ഏറ്റവും വലിയ വൈറ്റ് ഡയമണ്ടാണിത്. ഏകദേശം 30 മില്യൺ ഡോളറിന് ഇതുവിറ്റുപോകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പിയർ ആകൃതിയിലുള്ള 228.31 കാരറ്റ് വജ്രമാണിത്. ഗോൾഫ് ബോളിന്റെ വലിപ്പം ഇതിനുണ്ടെന്നാണ് റിപ്പോർട്ട്. ലേലത്തിൽ അപൂർവമായാണ് പിയർ ആകൃതിയിലുള്ള രത്‌നങ്ങൾ വിറ്റഴിക്കപ്പെടുക. ദക്ഷിണാഫ്രിക്കയിൽ ഖനനം ചെയ്‌തെടുത്ത റോക്കിന്റെ മുൻ ഉടമ കാർട്ടിയർ നെക്ലേസായി അതിനെ ധരിച്ചിരുന്നു. 2000-ത്തിലാണ് ഈ വജ്രം കുഴിച്ചെടുത്തത്. നിലവിൽ നോർത്ത് അമേരിക്കനായ വ്യക്തിയാണ് അപൂർവ രത്‌നത്തിന്റെ ഉടമ.

2017ൽ വിറ്റഴിച്ച 163.41 കാരറ്റ് രത്നമായിരുന്നു വൈറ്റ് ഡയമണ്ട് സെക്ഷനിലെ ലേല റെക്കോർഡ്. അന്ന് 33.7 ദശലക്ഷം ഡോളറിനാണ് ആ രത്‌നം വിറ്റുപോയത്. വരാനിരിക്കുന്ന ലേലം മെയ് 11നാണ് നടക്കുക. ജനീവ മാഗ്നിഫിഷ്യന്റ് ജ്വൽസ് എന്നാണ് ലേലച്ചടങ്ങിന്റെ പേര്. ലേലത്തിൽ 205.07 കാരറ്റുള്ള മഞ്ഞ രത്‌നവും വിൽപനയ്‌ക്ക് വെച്ചിട്ടുണ്ട്. റെഡ് ക്രോസ് ഡയമണ്ട് എന്നാണിതിന് പേരിട്ടിരിക്കുന്നത്.