Wednesday
17 December 2025
23.8 C
Kerala
HomeKerala5 ദിവസം കൊണ്ട് 1132 പരിശോധനകള്‍ 110 കടകള്‍ പൂട്ടിച്ചു ;പരിശോധനയില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ല...

5 ദിവസം കൊണ്ട് 1132 പരിശോധനകള്‍ 110 കടകള്‍ പൂട്ടിച്ചു ;പരിശോധനയില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ല കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരില്‍ പുതിയൊരു കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഈ കാമ്പയിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ മത്സ്യ, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ ജാഗറി എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments