ധർമ്മജൻ ബോൾഗാട്ടിക്കെതിരെ കേസ്; സാമ്പത്തികമായി വഞ്ചിച്ചെന്ന് പരാതി

0
36

കൊച്ചി: നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ കേസ്. ധർമ്മജന്റെ ഉടമസ്ഥയിലുള്ള മത്സ്യവിൽപന ശാലയായ ധർമ്മൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി നൽകിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്നാണ് പരാതി. കൊച്ചി സെൻട്രൽ പോലീസാണ് പരാതിയിന്മേൽ കേസെടുത്തത്. കേസിൽ ധർമ്മജൻ ഉൾപ്പെടെ 11 പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആസിഫ് അലിയാർ എന്ന 36-കാരനാണ് കേസിലെ പരാതിക്കാരൻ. കോതമംഗലത്തെ ഫ്രാഞ്ചൈസി നൽകാമെന്ന് ധർമ്മജൻ ഉൾപ്പെടെ 10 പേർ വാക്കുനൽകിയതായും ഇതുപ്രകാരം പലതവണകളിലായി 43 ലക്ഷം രൂപ കൈപ്പറ്റിയതായും പരാതിക്കാരൻ പറയുന്നു.

ശേഷം ഫ്രാഞ്ചൈസി ലഭിക്കുകയും 2019 നവംബറിൽ കോതംഗലത്ത് ആരംഭിക്കുകയും ചെയ്തു. എന്നാൽ 2020 മാർച്ചിൽ മത്സ്യ വിതരണം നിർത്തി. പിന്നീട് പരാതിക്കാരന്റെ പണം നഷ്ടപ്പെട്ടതായും ആവശ്യപ്പെട്ടിട്ടും തിരികെ നൽകിയില്ലെന്നും ആസിഫ് അലിയാർ പറയുന്നു.

ധർമ്മജൻ ഉൾപ്പെടെയുള്ളവർ വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് പരാതി. തുടർന്ന് പരാതിക്കാരൻ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി കൊച്ചി സെൻട്രൽ പോലീസിനോട് കേസെടുക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ധർമ്മജൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുണ്ടെന്നും പോലീസ് വ്യക്തമാക്കി.