തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമി തട്ടിപ്പും ഭൂമി ക്രയവിക്രയങ്ങളിലെ തിരിമറിയും തടയാൻ പഴുതടച്ച സംവിധാനം ഒരുങ്ങി. റവന്യു വകുപ്പ് നടപ്പാക്കുന്ന ഒരാൾക്ക് ഒരു തണ്ടപ്പേര് അഥവ യുണീക്ക തണ്ടപ്പേര് എന്ന പേരിലാണ് സംവിധാനം ഒരുങ്ങുന്നത്. ഒരാൾക്ക് സംസ്ഥാനത്ത് എവിടെ ഭൂമി ഉണ്ടെങ്കിലും അതെല്ലാം ഇനി മുൽ ഒറ്റ തണ്ടപ്പേരിലായിരിക്കും.
റവന്യു വകുപ്പ് സേവനങ്ങൾ ലഭ്യമാക്കുന്ന റെലിസ് പോര്‍ട്ടലുമായി വസ്തു ഉടമയുടെ മൊബൈൽ നമ്പറും ആധാറും ലിങ്ക് ചെയ്യും. അതോടെ റവന്യു വകുപ്പ് നൽകുന്ന 12 അക്ക തണ്ടപ്പേരാകും പിന്നീട് ഭൂമി സംബന്ധമായ എല്ലാ ഇടപാടുകൾക്കും ഉപയോഗിക്കേണ്ടത്.
ബിനാമി ഭൂമി വാങ്ങിക്കൂട്ടലും ക്രയവിക്രയങ്ങളും ഇതോടെ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നാണ് ഏറ്റവും വലിയ മെച്ചമായി പറയുന്നത്. വസ്തു വിവരങ്ങൾ മറച്ച് വച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരും പിടിയിലാകും . ഒരാൾക്ക് ഒന്നെന്ന മട്ടിൽ പന്ത്രണ്ടക്ക തണ്ടപ്പേര് വരുന്നതോടെ സംസ്ഥാനത്തെ തണ്ടപ്പേരുകളുടെ എണ്ണം കുറയും. സംസ്ഥാനത്ത് എവിടെയും വസ്തുവിന്റെ കരം അടക്കാം. പരിധിയിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കാനാകില്ലെന്ന് മാത്രമല്ല ഭൂമി വിവരങ്ങൾ ഡിജിലോക്കറിൽ സൂക്ഷിക്കുകയും ചെയ്യാം.