തൃശ്ശൂർ: രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ, തൃശ്ശൂർ പൂരത്തിന് ബുധനാഴ്ച കൊടിയേറും. പങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം. മെയ് 10നാണ് പൂരം. എട്ടിന് സാമ്പിൾ വെടിക്കെട്ട്.
പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. പിന്നീട് തിരുവമ്പാടിയിലും കൊടിയേറും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തെയാണ് ഇരു ക്ഷേത്രങ്ങളിലെയും കൊടിയേറ്റ് സമയം. പാറമേക്കാവിൽ രാവിലെ ഒമ്പതിനും 10.30നും ഇടയിലാണ് കൊടിയേറ്റ്.
തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റ് 10.40നും 10.55നും ഇടയിൽ നടക്കും. ഘടകക്ഷേത്രങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി ഏഴര വരെ വിവിധ സമയങ്ങളിലായി കൊടിയേറും. തുടർന്ന്, ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും ഭഗവതിക്ക് ആറാട്ടും നടത്തും.