ജോധ്പൂര്‍: ഈദ് ആഘോഷങ്ങള്‍ക്കിടെ രാജസ്ഥാനിലെ ജോധ്പൂരില്‍ സംഘര്‍ഷം. മത ചിഹ്നങ്ങള്‍ അടങ്ങിയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വര്‍ഗീയ കലാപ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. മേഖലയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഈദ് പ്രാര്‍ത്ഥനകള്‍ കനത്ത പൊലീസ് കാവലിലാണ് നടന്നത്.
മൂന്നുദിവസമായി ജോധ്പൂരില്‍ പരശുരാമ ജയന്തി ആഘോഷം നടന്നുവരികയാണ്. ജലോരി ഗേറ്റില്‍ മത ചിഹ്നമടങ്ങിയ പതാകകള്‍ ഉയര്‍ത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തിങ്കളാഴ്ച രാത്രി ഇരു വിഭാഗങ്ങളും സംഘടിച്ചെത്തി. പിന്നാലെ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
അക്രമാസക്തമായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. കല്ലേറില്‍ നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാമനവമി ആഘോഷവമായി ബന്ധപ്പെട്ട് മേഖലയില്‍ ലര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ ബാക്കിയെന്നോണമാണ് പുതിയ സംഭവ വികാസങ്ങള്‍.