Saturday
10 January 2026
31.8 C
Kerala
HomeKeralaമീഡിയ വണ്‍ വിലക്കില്‍ മറുപടി സത്യവാങ്മൂലം: നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍

മീഡിയ വണ്‍ വിലക്കില്‍ മറുപടി സത്യവാങ്മൂലം: നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍

ന്യൂഡല്‍ഹി: മീഡിയ വണ്‍ സംപ്രേഷണ വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികളുടെ മറുപടി സത്യവാങ്മൂലത്തെ സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും വകുപ്പില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. അതിനാല്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ രണ്ടാഴ്ചത്തെ സമയം കൂടി തേടി സര്‍ക്കാര്‍ അഭിഭാഷകന്‍ അമരീഷ് കുമാര്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്തു നല്‍കി.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് മറ്റന്നാള്‍ മീഡിയ വണ്‍ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കത്ത് നല്‍കിയത്. മറുപടി സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം തീരുമാനിക്കേണ്ടത് ഉന്നതങ്ങളിലാണെന്ന് ആയിരുന്നു കഴിഞ്ഞ തവണ ഹര്‍ജി നീട്ടിവയ്ക്കാന്‍ നല്‍കിയ അപേക്ഷയില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നത്.
മെയ് 20 ന് സുപ്രീം കോടതി വേനല്‍ അവധിക്കായി അടയ്ക്കും. ജൂലൈ പതിനൊന്നിന് മാത്രമേ വേനല്‍ അവധി കഴിഞ്ഞ് കോടതി തുറക്കുകയുള്ളു. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ ഹര്‍ജികള്‍ ഇനി ജൂലൈയില്‍ മാത്രമേ പരിഗണനയ്ക്ക് വരാന്‍ സാധ്യത ഉള്ളു.

RELATED ARTICLES

Most Popular

Recent Comments