Wednesday
17 December 2025
26.8 C
Kerala
HomeKeralaഎത്രദിവസം വിജയ് ബാബു വിദേശത്ത് തുടരും?, തിരിച്ചെത്തിയാല്‍ പണികിട്ടും

എത്രദിവസം വിജയ് ബാബു വിദേശത്ത് തുടരും?, തിരിച്ചെത്തിയാല്‍ പണികിട്ടും

നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് പണികിട്ടുമോ?  വേനലധിക്ക്  ശേഷമേ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കൂ എന്ന് വ്യക്തമാക്കിയതോടെ ഉയരുന്ന ചോദ്യമാണിത്.  യുവതിയെ ബലാത്സംഗം ചെയ്‍ത കേസിൽ വിദേശത്ത് ഒളിവിൽക്കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു ഇനിയെന്തും ചെയ്യും? പ്രത്യേകിച്ചും വിജയ് ബാബു കൂടി അംഗമായ താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി നടപടിയ്ക്ക് ഒരുങ്ങുന്ന സാഹചര്യത്തിൽ (Vijay Babu).
എത്രദിവസം വിജയ് ബാബു വിദേശത്ത് തുടരും? നിലവിൽ ദുബായിൽക്കഴിയുന്ന വിജയ് ബാബുവിന്  ഹൈക്കോടതിയുടെ വേനലവധി കഴിയും വരെ അവിടെ തുടരാൻ തടസമൊന്നുമില്ല. മേയ് 18നാണ് അവധി കഴിഞ്ഞ് കോടതി തുറക്കുന്നത്. അതായത് മേയ് 18ന് ശേഷമേ വിജയ്ബാബുവിന്‍റെ മുൻകൂർ ജാമ്യാ പേക്ഷ പരിഗണനയ്ക്ക് വരൂ. പ്രതിഭാഗം വാദവും പ്രോസിക്യൂഷൻ വാദവും ഒക്കെ പൂർത്തിയാക്കി ഉത്തരവ് മേയ് അവസാനത്തേക്ക് പ്രതീക്ഷിച്ചാൽ മതി. അതായത് ഏതാണ്ട് ഒരുമാസക്കാലം വിജയ് ബാബുവിന് ദുബായിൽ തുടരേണ്ടിവരും.
സാധാരണ ഗതിയിൽ ഒരു പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചാൽ പൊലീസ് പിന്നെ അറസ്റ്റുചെയ്യുന്ന പതിവില്ല. അറസ്റ്റിന് നിയമ തടസമില്ലെങ്കിലും പൊതുവേയുളള രീതി അങ്ങനെയാണ്. മുൻകൂ‍ർ ജാമ്യാപേക്ഷ നിലനിൽക്കെ അറസ്റ്റു ചെയ്‍തതെന്തിനെന്ന് കോടതികൾ തന്നെ വാളോങ്ങിയ ചരിത്രവുമുണ്ട്. ഇത് മനസിൽ കണ്ടുകൊണ്ടാണ് പൊലീസ് അങ്ങോട്ട് പോയി അറസ്റ്റു ചെയ്യാത്തത്.
അതായത് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ അറസ്റ്റുണ്ടാവില്ലെന്ന് പ്രതീക്ഷിച്ച് വിജയ് ബാബുവിന് നാട്ടിലേക്ക് വരാം. പക്ഷേ അവിടെയും ചില പ്രശ്‍നങ്ങൾ ഉണ്ട്.  വിജയ് ബാബുവിനെതിരെ ലുക്കൗട്ട്  സർക്കുലർ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും പൊലീസ് നൽകിയിട്ടുണ്ട്. അതായത് വിദേശത്തുനിന്ന് രാജ്യത്തെ ഏതു വിമാനത്താവളത്തിൽ എത്തിയാലും വിജയ് ബാബുവിനെ തടഞ്ഞുവെച്ച് എമിഗ്രേഷൻ ഉദ്യോഗസ്ഥർ കേരളാ പൊലീസിന് കൈമാറണം. അതായത് മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലാണെങ്കിലും വിജയ് ബാബു തിരിച്ചെത്തിയാൽ പണികിട്ടുമെന്നുറപ്പ്.
വിജയ് ബാബുവിനെ പൊലീസ് ദുബായിൽ പോയി കസ്റ്റഡിയിൽ എടുക്കുമോ? എവിടെയായാലും പുകച്ചു പുറത്തു ചാടിക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറയുന്നത്. എന്നാൽ ഇപ്പോഴത്തെ നിലയിൽ കേരളാ പൊലീസ് വിദേശത്തൊന്നും പോയി വിജയ് ബാബുവിനെ പിടിക്കില്ല. തൽക്കാലം രണ്ടാഴ്‍ചകാത്തിരിക്കാം എന്നതാണ് തീരുമാനം. അതിനുളളിൽ പരമാവധി തെളിവുകൾ ശേഖരിക്കും. സാക്ഷിമൊഴികളും രേഖപ്പെടുത്തും. ശാസ്‍ത്രീയ തെളിവുകളും അടയാളപ്പെടുത്തും. അങ്ങനെ മുൻകൂർ ജാമ്യാപേക്ഷ പരിഗണന്ക്ക് വരുമ്പോൾ എട്ടിന്‍റെ പണികൊടുക്കാം എന്ന കണക്കുകൂട്ടിലാണ് അന്വേഷണസംഘം നീങ്ങുന്നത്.
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി നിയമസംവിധാനത്തെപ്പോലും വെല്ലുവിളിച്ചതോടെ വിജയ് ബാബുവിനെ കോടതിക്ക് മുന്നിലും തൊലിയുരിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. പണികിട്ടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഹർജിക്കാരനായ വിജയ് ബാബുവിനെ അറസ്റ്റുചെയ്യരുതെന്ന് പ്രതിഭാഗം ഹൈക്കോടതിയിൽ ആവശ്യപ്പെടാതിരുന്നത്. ആവശ്യം തളളിയാൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കെ വിജയ് ബാബുവിനെ അറസ്റ്റുചെയ്യാൻ കൊച്ചി സിറ്റി പൊലീസിന് പരോക്ഷമായി അനുവാദം കിട്ടും. ഇതുകൂടി മുന്നിൽ കണ്ടായിരുന്നു പ്രതിഭാഗം നീക്കം.

RELATED ARTICLES

Most Popular

Recent Comments