തെളിനീരൊഴുകും നവകേരളം; ജലനടത്തവും ജലസഭയും സംഘടിപ്പിക്കും മന്ത്രി എം വി ഗോവിന്ദൻ

0
77

തിരുവനന്തപുരം> തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ജലനടത്തവും ജലസഭയും ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയില്‍ തന്നെ ജല മാലിന്യ സംസ്കരണ മേഖലയില്‍ പുതിയ അദ്ധ്യായമായിരിക്കും പദ്ധതിയെന്നും മന്ത്രി പറഞ്ഞു

2022 മേയ് 4 മുതല്‍ 9 വരെയാണ് സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് മേയ് 14, 15 തീയതികളില്‍ ജനകീയ ജലാശയ ശുചീകരണവും നടക്കും. മാലിന്യ സ്രോതസ്സുകളെ കണ്ടെത്തുന്നതിനായി തെരെഞ്ഞടുത്ത ജലാശയങ്ങളുടെ തീരങ്ങളിലൂടെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ജല നടത്തം സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന മാലിന്യ പ്രശ്നങ്ങള്‍ വാര്‍ഡ് തലത്തില്‍ ചേരുന്ന പ്രത്യേക ജനകീയ സഭ ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കും. ഇതോടൊപ്പം ജലാശയങ്ങളുടെ ഗുണനിലവാര പരിശോധനയും നടക്കുമെന്നും മന്ത്രി വിശദമാക്കി.

വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ശാസ്ത്രീയ ദ്രവമാലിന്യ പരിപാലനം ഒരുക്കിയും വാതില്‍പടി പാഴ്വസ്തു ശേഖരണം പൂര്‍ണമാക്കിയും ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കുക യാണ് ക്യാമ്ബയിന്റെ ലക്ഷ്യം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ജലവിഭവ വകുപ്പ്, ആരോഗ്യ വകുപ്പ്, കില, ക്ലീന്‍ കേരള കമ്ബനി തുടങ്ങിയ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പദ്ധതിയെ ഏകോപിപ്പിക്കും സര്‍ക്കാര്‍ ഏജന്‍സികളെയും വിദ്യാര്‍ത്ഥി-യുവജന സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ച്‌ ജനകീയ വിദ്യാഭ്യാസ പരിപാടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.