കെപ്കോ ചിക്കന്‍ ഇനി ഓണ്‍ലൈനിലൂടെയും വാങ്ങാം

0
67

കൊല്ലം: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ സംരംഭമായ കെപ്കോയുടെ ചിക്കന്‍ ഇനി ഓണ്‍ലൈനിലൂടെയും വാങ്ങാം.

തെരഞ്ഞെടുത്ത ചിക്കന്‍ ഉല്‍പന്നങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള സംരംഭത്തിനായി ഓണ്‍ലൈന്‍ ഭക്ഷ്യോല്‍പന്ന വിതരണ മേഖലയില്‍ പ്രമുഖരായ സ്വിഗ്ഗിയുമായി കെപ്കോ കരാറൊപ്പിട്ടു.

കൊല്ലം പ്രസ് ക്ലബില്‍ മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യത്തിലാണ് സ്വിഗ്ഗി പ്രതിനിധിയുമായി കെപ്കോ എം.ഡി ഡോ. പി. സെല്‍വകുമാര്‍ കരാറൊപ്പിട്ടത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് കോര്‍പറേഷന്‍റെ വില്‍പനകേന്ദ്രം ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട ഏജന്‍സികളില്‍നിന്ന് ഹോം ഡെലിവറി സൗകര്യം ഒരുക്കുന്നത്. തിരുവനന്തപുരത്തെ കെപ്കോ റസ്റ്റോറന്‍റിലെ ഭക്ഷണവിഭവങ്ങളും ഈ രീതിയില്‍ ഉടന്‍ വിതരണം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. കൊല്ലം ഉള്‍പ്പെടെ മറ്റ് ജില്ലകളിലേക്ക് ഓണ്‍ലൈന്‍ ചിക്കന്‍ വിതരണം ക്രമേണ വ്യാപിപ്പിക്കും.

ബോര്‍ഡുകള്‍ പരിഷ്കരിച്ച്‌ ഇനിമുതല്‍ ‘കെപ്കോ കേരള ചിക്കന്‍’ എന്ന ബ്രാന്‍ഡ് ആയി അവതരിപ്പിക്കും. തിരുവനന്തപുരം നഗരത്തില്‍ വികാസ്ഭവന്‍, വഴുതക്കാട്, സെക്രട്ടേറിയറ്റ് പരിസരം എന്നിവിടങ്ങളില്‍കൂടി കെപ്കോയുടെ സഞ്ചരിക്കുന്ന വില്‍പനശാല ഇനിമുതല്‍ എത്തും.

തിരുവനന്തപുരം പേരൂര്‍ക്കട-നെടുമങ്ങാട് റോഡില്‍ വഴയിലയില്‍ പുതിയ വില്‍പനകേന്ദ്രം ആരംഭിക്കും. കൊല്ലം കോട്ടുക്കലില്‍ ആധുനിക മീറ്റ് പ്രോസസിങ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കെപ്കോ ചെയര്‍മാന്‍ പി.കെ. മൂര്‍ത്തി, മാര്‍ക്കറ്റിങ് മാനേജര്‍ വി. സുകുമാരന്‍ നായര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.