കൊറോണ വ്യാപനം രൂക്ഷം; ചൈനയിൽ ശവസംസ്‌കാര ചടങ്ങുകൾ നിർത്തിവച്ചു, സ്‌കൂളുകൾ അടച്ചുപൂട്ടി

0
63

മാരകമായ കൊറോണ വൈറസ് അണുബാധയുടെ പുതിയ തരംഗം ചൈനയെ പിടികൂടിയതിനാൽ, ഷി ജിൻപിംഗ് ഭരണകൂടം രാജ്യത്തിന്റെ തലസ്ഥാനമായ ബീജിംഗിൽ സ്‌കൂളുകൾ അടച്ചുപൂട്ടി. വിവാഹങ്ങളും ശവസംസ്‌കാര ചടങ്ങുകളും താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തു. നഗരത്തിലെ എജ്യുക്കേഷണൽ ബ്യൂറോയുടെ കണക്കനുസരിച്ച്, എല്ലാ സ്‌കൂളുകളിലും വെള്ളിയാഴ്ചയോടെ ക്ലാസുകൾ പൂർത്തിയാക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

ആളുകൾ നിയന്ത്രണങ്ങൾക്കും അക്രമങ്ങൾക്കും വിധേയരാകുകയും ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുന്ന ഷാങ്ഹായ് പോലുള്ള നഗരങ്ങളിലെ ലോക്ക്ഡൗൺ ഒഴിവാക്കാനാണ് ഈ നീക്കം. ചൈനയുടെ സാമ്പത്തിക കേന്ദ്രം എന്നറിയപ്പെടുന്ന ഷാങ്ഹായ്, പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയാണ് സാക്ഷ്യം വഹിക്കുന്നത്.

26 ദശലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്ന നഗരം ഭക്ഷ്യക്ഷാമം, ദുരിതപൂർണ്ണമായ ക്വാറന്റൈൻ സൗകര്യങ്ങൾ, പൗരന്മാരും ആരോഗ്യ പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ എന്നിവ മൂലം പൊറുതിമുട്ടുകയാണ്. അതിനിടെ, കുപിതരായ നിവാസികൾ, അധികാരികളുടെ കർശനമായ നടപടികൾ മൂലമുണ്ടായ നിരാശയെ തുടർന്ന് അപ്പാർട്ട്‌മെന്റുകളുടെ ബാൽക്കണിയിൽ നിന്ന് നിലവിളിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ ചൈനയുടെ തലതിരിഞ്ഞ കോവിഡ് നയം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് വരുത്തിയ നാശത്തെക്കുറിച്ച് ലോക ബാങ്കും ചില നിക്ഷേപ ബാങ്കുകളും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.