Friday
19 December 2025
21.8 C
Kerala
HomeKeralaകുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി; പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കും: ഗതാഗത മന്ത്രി

കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി; പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കും: ഗതാഗത മന്ത്രി

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും പ്രസ്തുത വാഹനത്തില്‍ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നത്. എന്നാല്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡിനുപകരം എലഗന്റ് കാര്‍ഡുകള്‍ മെയ് മാസത്തില്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നതും, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്ന് മാസക്കാലയളവില്‍ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇതിനായി വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം വ്യാപക പരിശോധന നടത്തുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്തായ ‘വാഹനീയം’ ആലപ്പുഴ ടൗണ്‍ഹാളില്‍‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറു കണക്കിന് അപേക്ഷകരുടെ പരാതികള്‍ പരിഹരിച്ച ‘വാഹനീയം’ പരിപാടിയില്‍ എ.എം.ആരിഫ് എം.പി, എച്ച്.സലീം എംഎല്‍എ, തോമസ്.കെ.തോമസ് എംഎല്‍എ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ് എന്നിവരും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് ഐപിഎസ്-ഉം പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments