കോവിഡ് വാക്‌സിന്റെ രണ്ടാംഡോസ് എടുത്തവര്‍ക്ക് കരുതല്‍ വാക്‌സിന്റെ ഇടവേള 6 മാസമായി കുറച്ചേക്കും

0
94

കോവിഡ് വാക്‌സിന്റെ രണ്ടാംഡോസ് എടുത്തവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാനുള്ള സമയം ഒമ്പതുമാസത്തില്‍നിന്ന് ആറായി കേന്ദ്രസര്‍ക്കാര്‍ കുറക്കാന്‍ സാധ്യത. പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തില്‍ ഉപദേശം നല്‍കുന്ന നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
ആദ്യ രണ്ടുഡോസ് വാക്‌സിനുകള്‍ നല്‍കുന്ന പ്രതിരോധശേഷി ആറുമാസംകൊണ്ട് കുറയുമെന്നും കരുതല്‍ഡോസ് നല്‍കുന്നത് ഗുണം ചെയ്യുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലും വിവിധ അന്താരാഷ്ട്ര ഗവേഷണസ്ഥാപനങ്ങളും വ്യക്തമാക്കിയിരുന്നു.
രണ്ടുഡോസ് വാക്‌സിനെടുത്ത 18 വയസ്സുകഴിഞ്ഞവര്‍ക്ക് രണ്ടാംഡോസെടുത്ത് ഒമ്പതുമാസം കഴിഞ്ഞ് കരുതല്‍ഡോസ് എടുക്കാമെന്നാണ് ഇപ്പോഴത്തെ ചട്ടം. എന്നാല്‍, ശാസ്ത്രീയെതളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് ഉടന്‍ ആറുമാസമായി കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
ആരോഗ്യമേഖലയില്‍ സേവനംചെയ്യുന്നവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 60 കഴിഞ്ഞവര്‍ക്കും ജനുവരി 10 മുതല്‍ ഇന്ത്യയില്‍ കരുതല്‍ഡോസ് നല്‍കുന്നുണ്ട്. 60 കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ഡോസിന് അര്‍ഹതയുണ്ടെന്ന് മാര്‍ച്ചില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.