അട്ടപ്പാടി മധു കേസ്; മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങി

0
70

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ ആരംഭിച്ചു. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിച്ചത്. ഇന്നലെ ആരംഭിച്ച സാക്ഷി വിസ്താരം ഇന്നും തുടരും. മധുവിന്റെ ബന്ധു വെള്ളിങ്കരിയെയാണ് ഇന്നലെ വിസ്തരിച്ചത്. ഇന്ന് രണ്ടു പേരെ കൂടി വിസ്തരിക്കും.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്. സംഭവം നടന്ന് നാലു വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ ആദ്യത്തെ രണ്ടു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരും ഒഴിഞ്ഞത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് അഡ്വ. സി രാജേന്ദ്രനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായും, രാജേഷ് എം മേനോനെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സര്‍ക്കാര്‍ നിയമിച്ചു.

ഇന്നലെ ആരംഭിച്ച വിചാരണയ്ക്കിടെ രണ്ട് സാക്ഷികളെയാണ് വിസ്താരത്തിന് വിളിച്ചത്. മധുവിന്റെ ഇന്‍ക്വസ്റ്റ് നടക്കുമ്പോള്‍ സാക്ഷിയായിരുന്ന വെള്ളങ്കരിയെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും പ്രതികളുടെ അഭിഭാഷകരും വിസ്തരിച്ചു. കേസിലെ മുഴുവന്‍ പ്രതികളും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയില്‍ എത്തിയിരുന്നു. ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കാനും എല്ലാ ആഴ്ചയും പുരോഗതി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിചാരണ ആരംഭിച്ചത്.