തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ഹിന്ദുരാഷ്ട്രവാദികൾക്ക് തങ്ങളെ സ്വയം അടിയറ വെക്കുന്ന ഒരോയൊരു പാർടിയാണ് കോൺഗ്രസെന്ന് അശോകൻ ചരുവിൽ. കഴിഞ്ഞദിവസം പുതുച്ചേരിയും ഇത് വെളിവാക്കി കഴിഞ്ഞു. ചിന്തിക്കാനുള്ള വിവേകം പോലും ആ പാർടിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അശോകൻ ചരുവിൽ പറയുന്നു. കുറിപ്പ് ചുവടെ.
കേരളത്തിൽ നിലവിലുള്ള എൽഡിഎഫ് ഭരണത്തിന് തുടർച്ചയുണ്ടാകണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. കോൺഗ്രസ് വലിയ പരിഭ്രാന്തിയിലാണ്. ചിന്തിക്കാനുള്ള വിവേകം പോലും ആ പാർടിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ ജനങ്ങളെ നേരിടാനുള്ള ശ്രമകരമായ ജോലി ഏറ്റെടുത്തിരിക്കുന്നത് കുറച്ച് മുൻ കമ്യൂണിസ്റ്റുകാരും എസ്ഡിപിഐ, ജമായത്തെ ഇസ്ലാമി തുടങ്ങിയ മതരാഷ്ട്ര കക്ഷികളുമാണ്.
അവർ പല സിദ്ധാന്തങ്ങളും ഇതിനകം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇന്നലെ മുൻ സിപിഐ എം എന്ന് അഹങ്കരിക്കുന്ന ഒരു സുഹൃത്ത് ദാർശനികമായ ചില സംഗതികൾ എന്നോടു പങ്കുവെച്ചു. പിണറായി വിജയൻ അസാമാന്യ കഴിവുകളുള്ള ഒരു ഭരണാധികാരിയാണ് എന്ന് അദ്ദേഹം പറഞ്ഞു.
പക്ഷേ ഇത്രയും കാര്യക്ഷമമായി വികസനവും ജനസേവനവും നടപ്പാക്കുമ്പോൾ അത് പാർലിമെന്ററി ഡെമോക്രസിയിലും മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങൾക്ക് അമിതമായ വ്യാമോഹമുണ്ടാകാൻ കാരണമാകില്ലേ? അതുമൂലം വിപ്ലവം വൈകുകയില്ലേ?
ശരിയാണല്ലോ എന്നോർത്ത് ഞാൻ പകച്ചു പോയി.
മറ്റു ചില സുഹൃത്തുക്കൾ പറയുന്നത് രണ്ടു മുന്നണികൾ മാറി മാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് എപ്പോഴും നല്ലത് എന്നാണ്. ശരിയും തെറ്റും മാറി മാറി അനുഭവിച്ച് അതിന്റെ വ്യത്യാസം കൃത്യമായി ബോധ്യപ്പെടാൻ ജനങ്ങൾക്ക് അവസരം ലഭിക്കും. ജനങ്ങൾ നന്മതിന്മകൾ തിരിച്ചറിയുന്നത് സിപിഐ എമ്മിനും ഗുണം ചെയ്യുമത്രെ.
തുടർച്ചയായി ഭരണം ലഭിച്ചാൽ ഇടതുപക്ഷ പ്രവർത്തകർ ആലസ്യത്തിൽ പെട്ടു പോവുകയില്ലേ? അവർ നിർവീര്യരാവുകയില്ലേ? സമരോത്സുകത നഷ്ടപ്പെടുകയില്ലേ? അത് ഇടതുപക്ഷ പാർടികളെ ക്ഷീണിപ്പിക്കുകയില്ലേ? എന്നു ചോദിക്കുന്ന തീവ്ര അഭ്യുദ്ദയാകാംഷികളും ഉണ്ട്.
ഭരണത്തിൽ കോൺഗ്രസും യുഡിഎഫും വളരെ മോശമായ എന്നും പെർഫോമൻസാണ് കാഴ്ചവെച്ചിട്ടുള്ളത് എന്ന സംഗതിയെ എന്റെ നിഷ്പക്ഷ സുഹൃത്തുക്കൾ ശരിവെക്കുന്നു. ഒപ്പം പ്രതിപക്ഷത്തും അവരുടെ പ്രവർത്തനം മോശമാണ്. പ്രതിപക്ഷം എന്നത് ജനാധിപത്യത്തിൽ ഒരു മഹാസംഭവമാണ് എന്ന് നമുക്കെല്ലാം നിശ്ചയമുണ്ടല്ലാ. അതുകൊണ്ട് ഭരണപക്ഷത്തും പ്രതിപക്ഷത്തും മാറി മാറി ഇരുന്നു കൊണ്ട് ഇടതുപക്ഷം എൽഡിഎഫ് മാതൃക കാണിക്കണം.
ഇങ്ങനെ ചെറുതും വലുതുമായ നിരവധി ദാർശനികസത്യങ്ങൾ വെളിപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഏറ്റവും പ്രധാന കണ്ടുപിടുത്തം ഇതാണ്: ഇത്തവണ കൂടി ഇവിടെ കോൺഗ്രസ്സ് തോറ്റാൽ ആ പാർടിയിലെ മുഴുവൻ പേരും ബിജെപിയിൽ ചേരും. അങ്ങനെ ഇവിടെ ബിജെപി ശക്തിപ്പെടും എന്നതാണ്. അതു പാടില്ല.
‘തോറ്റാൽ ഞങ്ങൾ ബിജെപിയിൽ ചേരാൻ സാധ്യതയുണ്ട്’ എന്ന് കോൺഗ്രസ്സുകാരും പറയാൻ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ജനങ്ങൾ എന്തു ചെയ്യണം? കോൺഗ്രസ്സിനെ ജയിപ്പിക്കണം. അതുവഴി എൽഡിഎഫിനെ തോൽപ്പിക്കണം. ജയിച്ചാലും തോറ്റാലും ആകാശം ഇടിഞ്ഞു വീണാലും എൽഡിഎഫ്. ബിജെപി.
ക്കൊപ്പം പോകില്ല എന്ന് ഉറപ്പാണല്ലോ. അതുകൊണ്ട് എൽഡിഎഫ് തോൽക്കുന്നത് പ്രശ്‌നമല്ല. മാത്രമല്ല അവർ പ്രതിപക്ഷത്തിരുന്നാൽ തകരുകയുമില്ല.അതുപറഞ്ഞ് ‘എങ്ങനെയുണ്ട് ഞങ്ങടെ ബുദ്ധി?’ എന്ന ഭാവത്തിൽ ഇരിക്കുകയാണ് ചില കോൺഗ്രസ്സുകാരും മുൻ സിപിഐ എം സുഹൃത്തുക്കളും ജമായത്ത് / എസ്ഡിപിഐക്കാരും.
ശരി. നടപടി ദൂഷ്യം ഉണ്ടാകാതിരിക്കാൻ ചെക്കനെ കല്ലാണം കഴിപ്പിക്കുന്നതു പോലെ കോൺഗ്രസ്സിനെ ജയിപ്പിച്ചു എന്നു വിചാരിക്കുക. അതുകൊണ്ട് അവർ ബിജെപിയുടെ കൂടെ പോകാതിരിക്കുമോ? അനുഭവം ഇന്നലെ പുതുച്ചേരിയും വെളിവാക്കി കഴിഞ്ഞു; ജയിച്ചാലും തോറ്റാലും ഹിന്ദുരാഷ്ട്രവാദികൾക്ക് തങ്ങളെ സ്വയം അടിയറ വെക്കുന്ന ഒരു പാർടി മാത്രമേ ഇവിടെയുള്ളു. അതു കോൺഗ്രസ്സാണ്. ജയിച്ച് എംഎൽഎയും മന്ത്രിയുമായിട്ട് പോകാനാണ് അവർക്ക് കൂടുതൽ ഇഷ്ടം. കൂടുതൽ വില കിട്ടുമല്ലോ?
ചോദ്യം: എന്തുകൊണ്ടാണ് കേരളത്തിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരാത്തത്?
ഉത്തരം: യുഡിഎഫ് എംഎൽഎമാർ മൊത്തമായി ബിജെപിയിൽ ചേർന്നാലും ഇവിടെ ബിജെപിക്കു മന്ത്രിസഭയുണ്ടാക്കാനാവില്ല. അതുകൊണ്ടു തന്നെ.