ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത സേവനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമാക്കും : മന്ത്രി വി ശിവന്‍കുട്ടി

0
106

 

പൊതുജനങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള സേവനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ വകുപ്പിലെ ആദ്യ മാതൃക എക്‌സ്‌ചേഞ്ചാക്കി മാറ്റിയതിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂതന ഏകജാലക സംവിധാനത്തിലൂടെ യഥാസമയം ഇവിടെ നിന്നും ഉദ്യോഗാര്‍ഥികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കും. ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലും മാതൃകാ എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചുകള്‍സ്ഥാപിക്കും.രജിസ്‌ട്രേഷന്‍ സംബന്ധിച്ച ഉദ്യോഗാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ അദാലത്തുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതിയാണിത്. സ്മാര്‍ട്ട് ഐഡി കാര്‍ഡുകളുടെ വിതരണോദ്ഘാടനവുംഇതിനോടനുബന്ധിച്ചു മന്ത്രി നിര്‍വഹിച്ചു.

തൊഴില്‍ രജിസ്‌ട്രേഷന്‍ സൗകര്യമൊരുക്കുന്ന സ്ഥാപനമെന്നതില്‍ നിന്ന് മാറി പരമാവധി ആളുകള്‍ക്ക് തൊഴില്‍നല്‍കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വികസിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. എല്ലാ മത്സരപരീക്ഷകള്‍ക്കും ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന മികവിന്റെ കേന്ദ്രമായി എംപ്ലോയബിലിറ്റി സെന്ററുകളെ മാറ്റും. സാധാരണക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് മികച്ച പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആശയക്കുഴപ്പമില്ലാതെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാകുന്ന വിധമാണ് രജിസ്‌ട്രേഷന്‍ ഹാള്‍ ഒരുക്കിയിരിക്കുന്നത്. ക്യു. ആര്‍ കോഡ് സഹിതം ഡിജിറ്റല്‍ ഒപ്പോടുകൂടിയ സ്മാര്‍ട്ട് കാര്‍ഡ് രജിസ്‌ട്രേഷന്‍ സമയത്തുതന്നെ ലഭ്യമാക്കും. ക്യു. ആര്‍ കോഡ് സ്‌കാനറും എല്‍.സി.ഡി ഡിസ്‌പ്ലേയും രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഉദ്യോഗാര്‍ഥികളെസഹായിക്കും. അമ്പേഷണ കേന്ദ്രം, ഇരിപ്പിട- കുടിവെള്ള സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ പരാതികള്‍ തീര്‍പ്പാക്കാന്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ അധ്യക്ഷതയില്‍ പരാതി പരിഹാര സെല്ലും പ്രവര്‍ത്തിക്കും.

കടകംപള്ളി സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ റോസ്‌മേരി എല്‍. ജെ, കൗണ്‍സിലര്‍മാര്‍, എംപ്ലോയ്‌മെന്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.