യുക്രൈനില്‍ തോല്‍ക്കുന്ന സാഹചര്യം വന്നാല്‍, ആണവായുധം പ്രയോഗിക്കാന്‍ പ്രസിഡന്റ് പുടിന്‍ മടിക്കില്ലെന്നു പുടിന്റെ വലംകൈ!

0
69

റഷ്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുടിന്‍ ആണവായുധം കൊണ്ട് നേരിടുമെന്ന് പുടിന്റെ വിശ്വസ്ഥയും റഷ്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയുമായ മാര്‍ഗരിത്ത സിമോന്യന്‍. റഷ്യന്‍ പ്രചാരണ കാമ്പെയിനുകളുടെ മേധാവിയും സര്‍ക്കാര്‍ മാധ്യമമായ ആര്‍ടിയുടെ എഡിറ്ററുമായ മാര്‍ഗരിത്ത ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ആണവായുധ ഭീഷണി ഉയര്‍ത്തിയത്. യുക്രൈനില്‍ തോല്‍ക്കുന്ന സാഹചര്യം വന്നാല്‍, ആണവായുധം പ്രയോഗിക്കാന്‍ പ്രസിഡന്റ് പുടിന്‍ മടിക്കില്ലെന്നും അവര്‍  പറഞ്ഞു.
റഷ്യ യുക്രൈനില്‍ തോല്‍ക്കുന്നതിനേക്കാള്‍ പുടിന്‍ പരിഗണിക്കുക ആണവായുധ ബട്ടന്‍ അമര്‍ത്തുന്നതായിരിക്കുമെന്ന് അവര്‍ ഇന്നലെ രാത്രിയില്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ‘നമ്മള്‍ തോറ്റാല്‍ മൂന്നാം ലോക യുദ്ധം ആരംഭിക്കും. മൂന്നാം ലോകയുദ്ധത്തിനാണ് സാദ്ധ്യത. ലോകം നമ്മുടെ നേതാവ് ആരെന്ന് അറിയും.’-മാര്‍ഗരിത്ത മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞു.
നടക്കാന്‍ പോവുന്ന ഏറ്റവും പ്രധാന കാര്യം ആണവായുധ പ്രയോഗമായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും റഷ്യയുടെ പരാജയത്തേക്കാള്‍ അതിനാവും പുടിന്‍ പ്രാധാന്യം നല്‍കുകയെന്നും അവര്‍ പറഞ്ഞു. നമ്മളെല്ലാം ഒരു ദിവസം മരിച്ചുപോവുമെന്നും പാനല്‍ അംഗങ്ങളോട് മാര്‍ഗരിത്ത പറഞ്ഞു.
റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ യുക്രൈനെ സഹായിക്കുന്ന നാറ്റോ രാജ്യങ്ങളിലെ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യയ്ക്ക് എതിരായി യുദ്ധം ചെയ്യുന്നതിന് യുക്രൈന് ആയുധം നല്‍കുന്നത് ചെറുക്കാനും ആ ശ്രമം തകര്‍ക്കാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും മരിയ സഖറോവ പറഞ്ഞു. ”ഇത് ആത്യന്തികമായി യുക്രൈന്‍ മണ്ണില്‍ രക്തച്ചൊരിച്ചിലിനാണ് ഇടവരുത്തുക. അങ്ങനെ വന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നാറ്റോ രാജ്യങ്ങള്‍ക്കായിരിക്കും.”-മരിയ ക്രെംലിനില്‍ പറഞ്ഞു.
റഷ്യന്‍ അധിനിവേശത്തിന് എതിരെ പൊരുതുന്ന യുക്രൈന്‍ സൈന്യത്തിന് ആയുധങ്ങള്‍ നല്‍കി സഹായിക്കുമെന്ന ബ്രിട്ടീഷ് സായുധ സേനാ മന്ത്രി ജെയിംസ് ഹെപ്പിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ ഭീഷണി.  റഷ്യക്കെതിരെ ആക്രമണം നടത്തുന്നതിന് യുക്രൈനിനെ സഹായിക്കുമെന്നായിരുന്നു ബ്രിട്ടീഷ് മന്ത്രി പറഞ്ഞത്. തങ്ങള്‍ക്ക് അതിനുള്ള ധാര്‍മികമായ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോകരാഷ്ട്രങ്ങള്‍ക്ക് എതിരെ ആണവായുധ ഭീഷണി മുഴക്കുന്ന റഷ്യന്‍ നയങ്ങള്‍ അപകടകരമാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞിരുന്നു. റഷ്യയ്ക്ക് എതിരെ ആയുധങ്ങള്‍ നല്‍കുന്നതിലൂടെ നാറ്റോ രാജ്യങ്ങള്‍ മൂന്നാം ലോക യുദ്ധത്തിനാണ് തുടക്കമിടുന്നതെന്ന് പറഞ്ഞ  റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി സെര്‍ജി ലാവ്റോവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇങ്ങനെ പറഞ്ഞത്. മറ്റ് രാജ്യങ്ങളെ ആക്രമിക്കാനാവാത്ത വിധം റഷ്യ തളരണമെന്നതാണ് തങ്ങളുടെ താല്‍പര്യമെന്നും അദ്ദേഹം ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു.
നാറ്റോ സഖ്യം യുക്രൈന് ആയുധങ്ങള്‍ വിതരണം ചെയ്തുകൊണ്ട് റഷ്യയുമായി ഒരു നിഴല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി  നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈന്‍ സംഘര്‍ഷം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിങ്കളാഴ്ച സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത നീണ്ട അഭിമുഖത്തില്‍ ആണവ സംഘര്‍ഷത്തിന്റെ അപകടസാധ്യത കുറച്ച് കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കീവ് സന്ദര്‍ശിച്ച് യുക്രൈന് കൂടുതല്‍ സൈനിക സഹായം വാഗ്ദാനം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് റഷ്യ അഭിമുഖം സംപ്രേഷണം ചെയ്തത്.
യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ എത്തിക്കാന്‍ ചൊവ്വാഴ്ച നടന്ന 90 മിനിറ്റ് വീഡിയോ കോളില്‍ യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും തീരുമാനിച്ചിരുന്നു. പീരങ്കികള്‍, ടാങ്ക് വിരുദ്ധ, വ്യോമ പ്രതിരോധ സഹായം എന്നിവ കീവിലേക്ക് അയയ്ക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. യുക്രൈന്റെ കിഴക്കന്‍ ഭാഗത്ത് റഷ്യ പുതിയ യുദ്ധമുഖം തുറന്നതിനെ തുടര്‍ന്നാണ് സ്വയം പ്രതിരോധിക്കാന്‍ യുക്രൈനെ സഹായിക്കുന്ന ആയുധങ്ങള്‍ നല്‍കാന്‍ യുഎസിന്റെ നേതൃത്വത്തില്‍ പരസ്യമായി തീരുമാനിച്ചത്.
പ്രത്യക്ഷത്തില്‍ യുദ്ധത്തില്‍ പങ്കാളികള്‍ അല്ലെങ്കിലും അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന നാറ്റോ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരായി യുദ്ധം ചെയ്യുന്നതിന് യുക്രൈന് നല്‍കുന്ന സഹായം ചില്ലറയല്ല. നിരവധി വിദേശരാജ്യങ്ങളാണ് അത്യാധുനികമായ ആയുധങ്ങള്‍ മുതല്‍ പഴഞ്ചനെങ്കിലും ശക്തമായ ആയുധങ്ങള്‍ വരെ യുക്രൈന് നല്‍കുന്നത്. റെയില്‍വേ വഴിയാണ് ഈ വിദേശ ആയുധങ്ങള്‍ യുക്രൈനിലേക്ക് ഒഴുകുന്നത്. പഴയ സോവിയറ്റ് യൂനിയന്‍ കാലത്തുള്ള മിസൈല്‍ വേധ സിസ്റ്റം വരെ ഇങ്ങനെ യുക്രൈനിലേക്ക് ഒഴുകിയതായാണ്, ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച പ്രത്യേക അന്വേഷണറിപ്പോര്‍ട്ട് വ്യക്തമാക്കിയത്.
യുക്രൈനിനെ ഭസ്മമാക്കാന്‍ ഇറങ്ങിത്തിരിച്ച റഷ്യന്‍ പോര്‍വിമാനങ്ങളെയും മിസൈലുകളെയും റോക്കറ്റുകളെയും ചെറുത്തുനില്‍ക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ്. യുദ്ധത്തിനു മുമ്പ് വിദേശരാജ്യങ്ങളില്‍നിന്നും യുക്രൈനിനു ലഭിച്ച ഈ വമ്പന്‍ ആയുധം നിരവധി റഷ്യന്‍ വ്യോമാക്രമണങ്ങളെയാണ് പാതിവഴിയില്‍ തകര്‍ത്തത്. എന്നാല്‍, നിരന്തരമായ റഷ്യന്‍ ആക്രമണങ്ങളില്‍ ഇത്തരം പല ആയുധങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ്, ആകാശത്തുനിന്നുള്ള ആക്രമണം ചെറുക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി നാറ്റോ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍, സ്വന്തം പോര്‍വിമാനങ്ങളെ അയച്ച് യുക്രൈന്‍ ആകാശങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം, രഹസ്യമായി യുക്രൈന് പുതിയ ആയുധങ്ങള്‍ നല്‍കാനാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം തീരുമാനിച്ചത്.
പല വിധത്തിലാണ് വിദേശരാജ്യങ്ങളില്‍നിന്നുള്ള ആയുധങ്ങള്‍ യുക്രൈനിലേക്ക് ഒഴുകുന്നത്. റഷ്യയുമായി ഇന്ധന ഇടപാടുകള്‍ നടത്തുന്ന ചില രാജ്യങ്ങള്‍ നേരിട്ട് ഈ വിഷയത്തില്‍ ഇടപെടുന്നില്ല. പകരം രഹസ്യമായി മറ്റ് രാജ്യങ്ങള്‍ വഴി ആയുധമെത്തിക്കുന്നു. അമേരിക്കയെപ്പോലുള്ള മറ്റു ചില രാജ്യങ്ങളാവട്ടെ, യുക്രൈനിനു സമീപമുള്ള രാജ്യങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് അവരുടെ കൈയിലുള്ള ആയുധങ്ങള്‍ യുക്രൈനില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. മറ്റ് ചില രാജ്യങ്ങള്‍, നേരിട്ടുതന്നെ വിവിധ തരം ആയുധങ്ങള്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തിക്കുന്നു. ഇവ ട്രെയിന്‍വഴി യുക്രൈന്‍ സൈന്യത്തിന് എത്തുന്നു.
സ്ലോവാക്യയാണ് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന പ്രധാന അയല്‍രാജ്യം. തങ്ങളുടെ കൈയിലുള്ള സോവിയറ്റ് യൂനിയന്‍ നിര്‍മിതമായ മിസൈല്‍ പ്രതിരോധ സിസ്റ്റം തന്നെ അവര്‍ യുക്രൈന്‍ നല്‍കി. തങ്ങളുടെ അതിര്‍ത്തിയിലുള്ള ദോബ്ര ഗ്രാമത്തില്‍ എത്തിച്ച് അവിടെനിന്നും റെയില്‍മാര്‍ഗം യുക്രൈനിലേക്ക് എത്തിക്കുകയായിരുന്നു ഇത്.
ചെക്ക് റിപ്പബ്ലിക് തങ്ങളുടെ ടി 72 ടാങ്കുകളും ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനവും യുക്രൈന് ഈയടുത്ത് നല്‍കിയിട്ടുണ്ട്. മിഗ് 29 യുദ്ധവിമാനങ്ങള്‍, സെല്‍ഫ് പ്രൊപല്‍ഡ് ഹൊവിറ്റ്‌സറുകള്‍ എന്നിവയ്ക്കു പുറമേ, ചെക്ക് റിപ്പബ്ലിക്കും പോളണ്ടും കൂടുതല്‍ ആയുധങ്ങള്‍ യുക്രൈന് നല്‍കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെക്ക് റിപ്പബ്ലിക്ക് നിലവില്‍ യുക്രൈന്‍ യുദ്ധത്തില്‍ നിലപാട് എടുക്കാതെ മാറിനില്‍ക്കുന്ന രാജ്യമാണ്. സമാനമായ വിധത്തില്‍ മാറിനില്‍ക്കുന്ന ഓസ്‌ട്രേലിയയും രഹസ്യമായി സ്ലോവാക്യ വഴി യുക്രൈന് ആയുധങ്ങള്‍ എത്തിക്കുന്നുണ്ട്.
തങ്ങളുടെ രാജ്യം വഴി ആയുധം എത്തിക്കില്ലെന്ന് പരസ്യമായ നിലപാട് എടുത്ത ഹംഗറിയാവട്ടെ, രഹസ്യമായി വന്‍തോതില്‍ സ്ലോവാക്യ വഴി ആയുധങ്ങള്‍ യുക്രൈന് എത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍നിന്ന് ഹംഗറി ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് ന്യൂയോര്‍ക്ക്  ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോളണ്ട് വഴിയാണ് പ്രധാനമായും അമേരിക്ക യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നത്. അമേരിക്കയുടെ അത്യാധുനിക ആയുധങ്ങളായ ജാവലിന്‍, എന്‍ലോ, സ്റ്റിംഗര്‍ മിസൈലുകള്‍ പോളണ്ട് വഴിയാണ് യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തിച്ചത്.
ഈ അപകടം മുന്‍കൂട്ടിക്കണ്ട് വിദേശ ആയുധങ്ങള്‍ എത്തിക്കുന്നത് എന്തുവില കൊടുത്തും തടയുമെന്ന്  റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്.