ഇന്ധന നികുതിയുടെ പേരില്‍ ബിജെപി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്രം സംസ്ഥാനങ്ങളെ പഴിചാരുകയാണെന്നും യെച്ചൂരി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ബിജെപി ആക്രമിക്കുകയാണ്. രാജ്യം രക്ഷപ്പെടാന്‍ ബിജെപിയെ താഴെയിറക്കണമെന്നും അതിനുള്ള സമയം എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ധനവിലവര്‍ദ്ധനവില്‍ നടക്കുന്നത് കേന്ദ്രത്തിന്റെ പകല്‍കൊള്ളയാണ്. ഇന്ധനവിലയുടെ ഗണ്യമായ ഭാഗവും കേന്ദ്രത്തിന്റെ സെസും സര്‍ചാര്‍ജും. ഇന്ധനനികുതിയിലൂടെ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്തത് 23 ലക്ഷം കോടിരൂപയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിയത്.
ഇന്ധനവിലയുടെ ഗണ്യമായ ഭാഗവും കേന്ദ്രത്തിന്റെ സെസും സര്‍ചാര്‍ജുമെന്നതാണ് വസ്തുത. മോദി സര്‍ക്കാര്‍ സെസും സര്‍ചാര്‍ജും മൂന്നു രൂപയില്‍ നിന്ന് 31 രൂപയാക്കി. ഇതില്‍ ഒരു രൂപ പോലും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുമില്ല. ഇന്ധനവിലയില്‍ കേന്ദ്രത്തിന്റെ പകല്‍കൊള്ളയുടെ ആഴം മനസിലാക്കണമെങ്കില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്ത തുകയുടെ കണക്ക് പരിശോധിക്കണം. ആകെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുപോയത് കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ 23 ലക്ഷം കോടി രൂപയാണ്. 2016- 17 സാമ്പത്തിക വര്‍ഷംമുതല്‍ 2021-22 വരെയുള്ള വരുമാനമാണിത്. എന്നാല്‍ ഈ കാലയളവില്‍ വില്‍പ്പന നികുതിയിനത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആകെ ലഭിച്ചത് 11 ലക്ഷം കോടി രൂപ മാത്രം. ഈ കണക്കുകളുടെ അന്തരം ബോധപൂര്‍വം മറച്ചുവച്ചാണ് പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
ഇന്ധനവില കുറയണമെന്നാണ് കേന്ദ്രം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതെങ്കില്‍ സെസും സര്‍ചാര്‍ജും പിന്‍വലിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം മാത്രം അംഗീകരിച്ചാല്‍ മതി. ഈ ആവശ്യം ജിഎസ്ടി കൗണ്‍സിലില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ സംസ്ഥാനവും ഉന്നയിച്ചിട്ടുമുണ്ട്. ഇനി കേരളം നികുതി വര്‍ദ്ധിപ്പിച്ചുവെന്ന വാദത്തിലേക്ക് വരാം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് കേരളം പെട്രോള്‍ ഡീസല്‍ നികുതി വര്‍ദ്ധിപ്പിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 31.80% വും 24.52% മായി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പെട്രോ ഡീസല്‍ നികുതി 30.08%, 22.76% മായി നിരക്ക് കുറച്ചു. ഇടതുസര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല ഇന്ധന നികുതി കുറക്കുകയും ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നതാണ് വാസ്തവം.