കോഴിക്കോട്: ചെറുവണ്ണൂരിൽ പോക്സോ കേസിലെ പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ചെറുവണ്ണൂരിലെ ജിഷ്ണുവിന്റെ പോസ്റ്റ് മോർട്ടത്തിലാണ് നിർണായക കണ്ടെത്തൽ. ജിഷ്ണുവിന് തലയ്ക്കും വാരിയെല്ലിനും പരിക്കുള്ളതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ഇതിന്റെ കാരണം വ്യക്തമാകാൻ ജിഷ്ണു വീണ് കിടന്ന സ്ഥലം നാളെ ഡോക്ടർമാരുടെ വിദഗ്ദ സംഘം പരിശോധിക്കും.
കോഴിക്കോട് ചെറുവണ്ണൂരിലാണ് പോക്സോ കേസിലെ പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷിച്ച് വീട്ടിൽ എത്തിയതിനു പിന്നാലെയാണ് ചെറുവണ്ണൂർ സ്വദേശി ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടത്. ജിഷ്ണുവിന് പരിക്കേറ്റിട്ടുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. .കുടുംബം പരാതി ഉന്നയിച്ചതിനാല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് കല്‍പറ്റ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ട് ജിഷ്ണുവിനെ അന്വേഷിച്ച് പൊലീസ് ചെറുവണ്ണൂരിലെ വീട്ടെലത്തിയത്. നല്ലളം പൊലീസാണ് ജിഷ്ണുവിന്‍റെ വീട്ടിലെത്തിയത്. കല്‍പ്പറ്റ പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജിഷ്ണു ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. ജിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെട്ട പൊലീസ് വീട്ടില്‍ നിന്ന് മടങ്ങി. പിന്നീടാണ് ജിഷ്ണു വീടിന് സമീപം വീണു കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചെന്ന് കുടുംബം അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
കല്‍പ്പറ്റ പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന്‍റെ വീട് കണ്ടെത്തുക മാത്രമാണ് നല്ലളം പൊലീസ് ചെയ്തതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുടുംബം പരാതി ഉന്നയിച്ചതിനാല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് ജിഷ്ണുവിനെതിരെ കല്‍പ്പറ്റ പൊലീസ് കേസ്സെടുത്തത്. മുണ്ടേരി ടൗണില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് കേസ്സെടുത്തതെന്ന് കല്‍പ്പറ്റ പൊലീസ് അറിയിച്ചു.