ബലാത്സംഗക്കേസ്: വിജയ് ബാബു ഒളിവിൽ, അന്വേഷണവുമായി പോലീസ്

0
63

കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് ഇന്നലെ പുറത്തുവന്ന വാർത്തയായിരുന്നു നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ്. സിനിമയിൽ കൂടുതൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിന് എതിരായ പരാതി. ഒരു സിനിമാ നടി തന്നെയാണ് പരാതിക്കാരി. കോഴിക്കോട് സ്വദേശിനിയായ നടിയുടെ പരാതിപ്രകാരം കേസെടുത്തതോടെ, നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവിലാണെന്നാണ് ഇപ്പോൾ പൊലീസ് നിഗമനം.

വിജയ് ബാബുവിനെ ഇതുവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. എറണാകുളം സൗത്ത് പൊലീസാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ, ഇപ്പോൾ കേസിൽ പുതിയ വഴിത്തിരിവാണുണ്ടായിരിക്കുന്നത്. പരസ്പര സമ്മതപ്രകാരമാണോ എന്നതൊക്കെ പതിയെ വെളിയിൽ വരുമെന്നാണ് വിജയ് ബാബുവിന്റെ ഫേസ്‌ബുക്ക് വീഡിയോ. കൂടാതെ, ഇരയുടെ പേരും ഇദ്ദേഹം വെളിപ്പെടുത്തി.

കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ, വിജയ് ബാബുവുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണ് എന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം ഗോവയിൽ പോയി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് പ്രതിയുമായി ബന്ധപ്പെടാൻ പോലീസിന് സാധിച്ചിട്ടുമില്ല. വിജയ് ബാബുവിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് പൊലീസിന്‍റെ അന്വേഷണം.